omar-abdullah

ശ്രീനഗർ: ജമ്മു കാശ്മീരിലെ ജില്ലാ വികസന കൗൺസിൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതിന് പിന്നാലെ ഗുരുതര ആരോപണവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള നാഷണൽ കോൺഫറൻസ് ടിക്കറ്റിൽ വിജയിച്ചവരെ മറ്റൊരു രാഷ്ട്രീയ സംഘടനയിൽ എത്തിക്കാൻ ബി.ജെ.പി സമ്മർദതന്ത്രം പയറ്റുന്നുവെന്ന് ഒമർ അബ്ദുള്ള ആരോപിച്ചു.

ഷോപിയാനിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചവരെ സർക്കാർ ദ്രോഹിക്കുകയാണ്. അവരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നു. ഫലപ്രഖ്യാപനത്തിന് പിന്നാലെ പാർട്ടിയിലെ രണ്ട് മുതിർന്ന നേതാക്കളെ കസ്റ്റഡിയിലെടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. ഷോപിയാനിൽ മത്സരിച്ച് ജയിച്ച തങ്ങളുടെ ഒരു വനിതാ അംഗം അപ്നി പാർട്ടിയിൽ ചേരാൻ നിർബന്ധിതയായി. ഇക്കാര്യങ്ങൾക്ക് തങ്ങളുടെ കൈയിൽ തെളിവുണ്ടെന്നും ഒമർ അബ്ദുള്ള പറഞ്ഞു.

ജമ്മു കാശ്മീരിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഡി.ഡി.സികളിലെ 280 സീറ്റുകളിൽ ഗുപ്കാർ സഖ്യം നൂറിലധികം സീറ്റുകളിൽ വിജയിച്ചു. എന്നാൽ 74 സീറ്റുകൾ നേടിയ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കോൺഗ്രസ് 27 സീറ്റുകളിൽ ജയിച്ചു. സി.പി.എം. അഞ്ചു സീറ്റുകൾ നേടി.