
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന സൂപ്പർസ്റ്റാർ രജനീകാന്തിന് സൗഖ്യം നേർന്ന് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ ഫേസ്ബുക്ക്, ട്വിറ്റർ പോസ്റ്റുകളിലൂടെയാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.
താനും രജനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മണിരത്നം ചിത്രം 'ദളപതി'യെ കുറിച്ച് ഓർമപ്പെടുത്തികൊണ്ട് 'ഗെറ്റ് വെൽ സൂൺ സൂര്യാ.... അൻപുടൻ ദേവാ'(വേഗം സൗഖ്യം പ്രാപിക്കട്ടെ സൂര്യാ... സ്നേഹത്തോടെ ദേവ) എന്നാണു മെഗാസ്റ്റാർ കുറിച്ചിരിക്കുന്നത്.
Get well soon Soorya
Anpudan Deva pic.twitter.com/r54tXG7dR9— Mammootty (@mammukka) December 26, 2020
 
1991ൽ മമ്മൂട്ടിയും രജനിയും ഒന്നിച്ചഭിനയിച്ച 'ദളപതി' വൻ ഹിറ്റായിമാറിയിരുന്നു. ഇന്നലെ രാവിലെയോടെയാണ് രക്തസമ്മർദ്ദത്തിൽ ഇടയ്ക്കിടെ ഉണ്ടാവുന്ന വ്യതിയാനം മൂലം താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ പത്തു ദിവസങ്ങളായി തന്റെ പുതിയ ചിത്രമായ ‘അണ്ണാത്തെ’യുടെ ഷൂട്ടിംഗിലായിരുന്നു താരം.
ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽ നാലു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ രജനിയും പരിശോധന നടത്തിയിരുന്നു. രോഗമില്ലെന്ന ഫലമാണ് ലഭിച്ചതെങ്കിലും നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന താരത്തിന്റെ രക്തസമ്മർദ്ദത്തിൽ ഇടയ്ക്കിടെ ഉണ്ടാവുന്ന വ്യതിയാനം കണക്കിലെടുത്താണ് കൂടുതൽ നിരീക്ഷണത്തിനായി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.
നടന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. താരത്തെ കൂടുതൽ പരിശോധനകൾക്ക് വിധേയനാക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ഇന്നും ആശുപത്രിയിൽ തുടരും.