shakha-kumari

തിരുവനന്തപുരം: തന്റെ യുവാവായ ഭർത്താവിനാൽ കൊല്ലപ്പെട്ട മദ്ധ്യവയസ്കയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരത്തെ ത്രേസ്യപുരം സ്വദേശിയായ 51കാരി ശാഖ കുമാരി വൻ ഭൂസ്വത്തിന്‌ ഉടമയായിരുന്നു എന്നും 26കാരനായ അരുണുമായി പ്രണയമായതിനു ശേഷം വിവാഹത്തിന് മുൻകൈ എടുത്തത് ശാഖയായിരുന്നു എന്നുമാണ് വിവരം.

ശാഖയുടെ സമീപവാസികളാണ് ഇതുസംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുന്നത്. ഇരുവരുടെയും വിവാഹദിന സത്ക്കാരത്തിൽ നിന്നും ഇടയ്ക്കുവച്ച് അരുൺ ഇറങ്ങിപ്പോയി എന്നും കാറിൽ കറങ്ങിയെന്നും ഇവർ പറയുന്നുണ്ട്. തന്റെ ബന്ധുക്കളുടെയോ വീട്ടുകാരുടെയോ അകമ്പടി കൂടാതെയാണ് അരുൺ ശാഖയെ വിവാഹം ചെയ്യാനായി എത്തിയതെന്നും ഇയാളെ കുറിച്ച് അധികമൊന്നും തങ്ങൾക്ക് അറിയുമായിരുന്നില്ല എന്നും ഇവർ പറയുന്നു.

അരുൺ പത്താംകല്ല് സ്വദേശിയാണ് എന്നത് മാത്രമായിരുന്നു നാട്ടുകാർക്ക് മനസിലായിരുന്നത്. ഇയാളുട സ്വഭാവം സംശയം ജനിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു എന്നും നാട്ടുകാർ ഓർക്കുന്നുണ്ട്. ശാഖയുടെ വീട് ഒരേക്കറിലധികമുള്ള സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഇവരുടെ കുടുംബത്തിന്റെ പേരിൽ വലിയ ഭൂസ്വത്തുമുണ്ട്. ഇതെല്ലാം കണ്ടുകൊണ്ടു ശാഖയെ സാമ്പത്തികമായി മുതലെടുക്കാൻ കൂടി വേണ്ടിയാണ് അരുൺ ഇവരുമായി ബന്ധം സ്ഥാപിച്ചതെന്നാണ് സൂചന.

തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ഇരുവരും പഞ്ചായത്ത് ഓഫീസിൽ പോയിരുന്നതായും നാട്ടുകാർ ഓർക്കുന്നു. ശാഖ കുമാരിയും അരുണും തമ്മിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങളെ കുറിച്ച് ദമ്പതികളുടെ വീട്ടിൽ കാര്യസ്ഥനായി ജോലി നോക്കുന്ന വിജയകുമാർ പറഞ്ഞിരുന്നു.

ശാഖയും 26കാരനായ താനും തമ്മിലുണ്ടായിരുന്ന പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നിയിരുന്നുവെന്നും ഇതുകാരണം ശാഖയോട് അരുൺ തനിക്ക് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും വിജയകുമാർ വ്യക്തമാക്കുന്നു. ശാഖ ഇതിനു തയ്യാറായിരുന്നില്ല എന്നാണു വിജയകുമാർ പറയുന്നത്. ഏകദേശം രണ്ടുമാസം മുൻപ് മാത്രമാണ് അരുൺകുമാർ ശാഖയെ വിവാഹം കഴിച്ചിരുന്നത്.

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ശാഖ മരണപ്പെട്ടത്. ഷോക്കടിച്ചതാണ് മരണകാരണമെന്നാണ് അരുൺ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ശാഖയുടെ മൃതദേഹം പരിശോധിച്ച ഡോക്ടർമാർ ഇക്കാര്യത്തിൽ ചില സംശയങ്ങൾ പ്രകടിപ്പിച്ചതോടെ പൊലീസ് അരുണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ താൻ തന്നെയാണ് തന്റെ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് അരുൺ സമ്മതിക്കുകയായിരുന്നു.

ഷോക്കേൽപിച്ചാന് ശാഖ കുമാരിയെ താൻ കൊലപ്പെടുത്തിയതെന്നും വിവാഹമോചനം നടക്കാത്തതിനാലായിരുന്നു ഇതെന്നും അരുൺ പൊലീസിനോട് പറഞ്ഞു. ശാഖയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടവും ഫോറൻസിക് പരിശോധനയും അവസാനിച്ചാൽ കൂടുതൽ വിവരങ്ങൾ വെളിവാകുമെന്ന് പൊലീസ് അറിയിച്ചിരുന്നു. അദ്ധ്യാപകനായിരുന്ന ശാഖയുടെ അച്ഛൻ നേരത്തെ മരിച്ചുപോയിരുന്നു. ശേഷം കിടപ്പിലായ അമ്മയോടൊപ്പമാണ് അവർ കഴിഞ്ഞിരുന്നത്.