
ഫറ്റോർദ : ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ചെന്നൈയിൻ എഫ്.സിക്കെതിരെ സമനില പൊരുതി നേടി (2-2). രണ്ട് തവണ പിന്നിൽ നിന്ന ശേഷമായിരുന്നു ഈസ്റ്റ് ബംഗാൾ ചെന്നൈയിനെ സമനിലയിൽ തളച്ചത്. ജർമ്മൻ സ്ട്രൈക്കർ വില്ലെ മാറ്റി സ്റ്റെയിൻമാനാണ് ഇരട്ട ഗോളുമായി ഈസ്റ്റ് ബംഗാളിന്റെ രക്ഷകനായത്. ലാലിയൻ സുവാല ചാംഗ്തെ, റഹിം അലി എന്നിവരാണ് ചെന്നൈയിനായി ലക്ഷ്യം കണ്ടത്. സ്റ്റെയിൻമാനാണ് കളിയിലെ കേമൻ.
ഈസ്റ്റ് ബംഗാളിന്റെ ആക്രമണങ്ങളിലൂടെയാണ് മത്സരം പുരോഗമിച്ചത്. തുടർന്ന് ചെന്നൈയിനും താളം കണ്ടെത്തി. 12-ാം മിനിട്ടിൽ വിംഗർ ചാംഗ്തെയിലൂടെ ചെന്നൈയിൻ ലീഡെടുത്തു. സിൽവസ്റ്ററിന്റെ പാസുമായി ബോക്സിലേക്ക് കയറിയ ചാംഗ്തെ ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ മജുംദാറിനെ നിഷ്പ്രഭനാക്കി പന്ത് വലയ്ക്കകത്താക്കി. തുടർന്ന് ചെന്നൈയിൻ ആക്രമണ കടുപ്പിച്ചതോടെ ഈസ്റ്റ് ബംഗാൾ പ്രതിരോധത്തിലായി. ഇടയ്ക്ക് ബംഗാളും ആക്രമിച്ചുകയറി.
36-ാം മിനിട്ടിൽ ഈസ്റ്റ് ബംഗാളിന്റെ റഫീഖ് ഓപ്പൺ പോസ്റ്റിൽ കിട്ടിയ അവസരം കളഞ്ഞുകുളിച്ചു. 59-ാം മിനിട്ടിൽ സ്റ്റെയിൻമാന്റെ ഹെഡ്ഡറിലൂടെ ഈസ്റ്റ് ബംഗാൾ ഒപ്പമെത്തി. ഗോൾ വീണതോടെ തുടരാക്രമണങ്ങളുമായി കളം നിറഞ്ഞ ചെന്നൈയിൻ 64-ാം മിനിട്ടിൽ റഹിം അലിയിലൂടെ വീണ്ടും മുന്നിലെത്തി. സിൽവസ്റ്റർ തന്നെയാണ് രണ്ടാം ഗോളിനും വഴിയൊരുക്കിയ പാസ് നൽകിയത്. നാല് മിനിട്ടിനുള്ളിൽ സ്റ്റെയിൻമാൻ വീണ്ടും ഈസ്റ്റ് ബംഗാളിന് സമനില സമ്മാനിക്കുകയായിരുന്നു. ഇതോടെ ഇരുടീമും ജയത്തിനായി ആക്രമിച്ച് കയറിയതോടെ മത്സരം ആവേശക്കൊടുമുടിയിലാവുകയായിരുന്നു. എന്നാൽ ഗോൾമാത്രം നേടാനായില്ല.