guardian

'ഗാര്‍ഡിയന്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു. 'അഞ്ചാം പാതിര'ക്ക് ശേഷം മലയാള സിനിമ കാണുന്ന ഏറ്റവും മികച്ച ത്രില്ലറുകളിലൊന്നാകും 'ഗാര്‍ഡിയന്‍' എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ട്രെയിലര്‍ ഇതിനകം തന്നെ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

പുതുമ നിറഞ്ഞ അവതരണത്തിലൂടെ ശ്രദ്ധേയമായ ത്രില്ലര്‍ ചലച്ചിത്രം 'ഫിംഗര്‍ പ്രിന്റി'നു ശേഷം സംവിധായകന്‍ സതീഷ് പോള്‍ ഒരുക്കുന്ന ഫാമിലി ത്രില്ലറാണ് 'ഗാര്‍ഡിയന്‍.' കുടുംബ ബന്ധങ്ങളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്നതിനൊപ്പം അന്വേഷണവും സസ്‌പെന്‍സും നിറഞ്ഞു നില്‍ക്കുന്ന പുതിയ അനുഭവമായിരിക്കും 'ഗാര്‍ഡിയന്‍' എന്നും ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ പറയുന്നു.

ഒ.ടി.ടി റിലീസിനൊരുങ്ങുന്ന ആദ്യ ത്രില്ലര്‍ ചിത്രം എന്ന സവിശേഷതയും 'ഗാര്‍ഡിയനു'ണ്ട്. സൈജു കുറുപ്പ്,സിജോയ് വര്‍ഗ്ഗീസ്, മിയ ജോര്‍ജ്ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തുന്ന 'ഗാര്‍ഡിയന്‍ ' ജനുവരി ഒന്നിന് ഓണ്‍ ലൈന്‍ പ്ലാറ്റ്‌ഫോമായ പ്രൈം റീലീസിലൂടെ പുറത്തിറങ്ങും.

ബ്‌ളാക്ക് മരിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോബിന്‍ ജോര്‍ജ്ജ് കണ്ണാത്തുക്കുഴി, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ് പാറയ്ക്കല്‍, സിമ്മി ജോര്‍ജ്ജ് ചെട്ടിശ്ശേരില്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോബി ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു.

ധന്യാ സ്റ്റീഫന്‍, നിരഞ്ജ്,എ സുരേഷ് എന്നിവരുടെ വരികള്‍ക്ക് പ്രദീപ് ടോം ഈണം പകരുന്നു. എഡിറ്റര്‍-വിജി എബ്രാഹം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഗിരീഷ് കൊടുങ്ങല്ലൂര്‍, കല-സുശാന്ത്, മേക്കപ്പ്-അഭിലാഷ് വലിയക്കുന്ന്, വസ്ത്രാലങ്കാരം-ബ്യൂസി ജോണ്‍, സ്റ്റില്‍സ്- നൗഷാദ് കണ്ണൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സബിന്‍ കാട്ടുങ്ങല്‍, അസോസിയേറ്റ് ഡയറക്ടര്‍-പി. അയ്യപ്പദാസ്.