
പാലക്കാട്: ദുരഭിമാനക്കൊലയിൽ അറസ്റ്റിലായ പ്രതികൾ കുറ്റം സമ്മതിച്ചു. പാലക്കാട് തേങ്കുറുശി ഇലമന്ദത്ത് ആറുമുഖന്റെ മകൻ അനീഷ് (അപ്പു - 27)ആണ് കൊല്ലപ്പെട്ടത്. കേസിൽ അനീഷിന്റെ ഭാര്യാപിതാവ് ഇലമന്ദം സ്വദേശി പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.
മകൾ ഹരിതയെ അനീഷ് വിവാഹം ചെയ്‌തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക കാരണമെന്ന് പ്രഭുകുമാർ മൊഴി നൽകി. പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. കഴിഞ്ഞ സെപ്തംബർ 27നാണ് അനീഷും ഹരിതയും(19) വിവാഹിതരായത്. ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ ഹരിതയുടെ വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന് വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു.
പിള്ള സമുദായത്തിൽപ്പെട്ടയാളാണ് ഹരിത. കൊല്ലൻ സമുദായംഗമാണ് അനീഷ്. ജാതീയവും സാമ്പത്തികവുമായ വലിയ അന്തരം പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ അസ്വസ്ഥമാക്കുകയും തുടർന്നുണ്ടായ വൈരാഗ്യം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം ഒളിവിൽപോയ പ്രതികളിൽ സുരേഷിനെ വെള്ളിയാഴ്ച രാത്രിയോടെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രഭുകുമാർ ബുള്ളറ്റിൽ കൊഴിഞ്ഞാമ്പാറയിലെ തന്റെ സഹോദരിയുടെ വീട്ടിലേക്കാണ് പോയത്. മൊബൈൽ ഫോണടക്കം അവിടെ ഉപേക്ഷിച്ച് കോയമ്പത്തൂർ ഗാന്ധിനഗർ സായ്ബാബ കോളനിയിലെ ബന്ധുവീട്ടിലേക്ക് കടന്നു. പൊലീസ് അന്വേഷിച്ചെത്തുമെന്ന് മനസിലാക്കി ഇന്നലെ പുലർച്ചെ അവിടെ നിന്ന് ബസ് മാർഗം മറ്റൊരിടത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേയാണ് പിടിയിലായത്. ഇയാളെ പാലക്കാട്ടെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.