beaten

ചെന്നൈ: മോഷ്ടാവെന്ന് ആരോപിച്ച് തിരുവനന്തപുരം സ്വദേശിലെ തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ നാട്ടുകാർ അട‌ിച്ചുകൊന്നു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്നു പൂജപ്പുര സ്വദേശി അരവിന്ദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. കൈയ്യും കാലും കെട്ടിയിട്ടായിരുന്നു ഇരുവരെയും ക്രൂരമായി ആക്രമിച്ചത്. ആൾക്കൂട്ട ആക്രമണത്തിന് കേസെടുത്തിട്ടില്ലെങ്കിലും അരവിന്ദിനെതിരെ മോഷണക്കുറ്റത്തിന് തമിഴ്നാട് പൊലീസ് കേസെടുത്തു. തിരുച്ചിറപ്പള്ളി നഗരത്തിന് തൊട്ടടുത്തുളള ജീയാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കഴിഞ്ഞദിവസം ഉച്ചയോടെയാണ് ഇരുവരെയും നാട്ടുകാർ പിടികൂടിയത്. വീടുകുത്തിതുറന്ന് മോഷണം നടത്താൻ എത്തിയതാണെന്ന് ആരോപിച്ചായിരുന്നു ഇവർക്കെതിരെ സംഘംചേർന്നുളള ആക്രമണുണ്ടായത്. ഒരു വീടിന്റെ മതിൽ ചാടിക്കടക്കുന്നത് കണ്ടാണ് ഇരുവരെയും തടഞ്ഞുവച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ചോദ്യംചെയ്യാൻ തുടങ്ങിയതോടെ ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നും അതോടെയാണ് കൈയും കാലും കെട്ടിയിട്ട് മർദ്ദിച്ചതെന്നുമാണ് നാട്ടുകാർ പൊലീസിനോട് പറഞ്ഞത്. പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദീപു പുലർച്ചയോടെ മരിച്ചു.

അല്ലൂരിൽ കഴിഞ്ഞ ഒരാഴ്ചയായി ആളില്ലാത്ത നിരവധി വീടുകളിൽ കവർച്ച നടന്നിരുന്നു.വാതിലുകൾ കുത്തിപ്പൊളിച്ചായിരുന്നു മോഷണങ്ങളിലധികവും. കള്ളന്മാരെ പിടികൂടുന്നതിന് ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ ദീപുവിനെയും അരവിന്ദിനെയും കാണുന്നതും പിടികൂടുന്നതും. ഇരുവരുടെയും പേരിൽ തമിഴ്നാട്ടിൽ പലയിടങ്ങളിലായി നിരവധി മോഷണക്കേസുകളുണ്ടെന്നും ഇവരുടെ കൈയിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തു എന്നുമാണ് പൊലീസ് പറയുന്നത്.