
തിരുവനന്തപുരം: കൊവിഡ് കാലത്ത് പകുതി കുടിശിക പോലും പിരിച്ചെടുക്കാനാവാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി വാട്ടർ അതോറിട്ടി. 2020-21 സാമ്പത്തിക വർഷം 734 കോടിയുടെ വരുമാനം ലക്ഷ്യമിട്ടിരുന്ന വാട്ടർ അതോറിട്ടിക്ക് ഇതുവരെ പിരിച്ചെടുക്കാനായത് വെറും 263.64 കോടി (53.87%) രൂപയാണ്. നവംബർ വരെ 489.36 കോടിയാണ് പിരിക്കേണ്ടിയിരുന്നത്. നിലവിൽ 344 കോടി രൂപയാണ് വാട്ടർ അതോറിട്ടിയുടെ വരവും ചെലവും തമ്മിലുള്ള അന്തരം. അതിനാൽ റവന്യൂ പിരിവ് ഊർജ്ജിതമാക്കാൻ വാട്ടർ അതോറിട്ടി എം.ഡി സർക്കുലർ ഇറക്കി. കുടിശിക അടയ്ക്കാത്തവരുടെ കണക്‌ഷൻ വിച്ഛേദിക്കൽ അടക്കമുള്ള കർശന നടപടികളിലേക്ക് അതോറിട്ടി നീങ്ങും. കൊവിഡ് പശ്ചാത്തലത്തിൽ കണക്‌ഷൻ വിച്ഛേദിക്കൽ നടപടികളെല്ലാം നിറുത്തിവച്ചിരിക്കുകയായിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് നിറുത്തിവച്ചിരുന്ന മീറ്റർ റീഡിംഗും
മൂന്ന് മാസം മുമ്പ് പുനരാരംഭിച്ചിരുന്നു. എന്നാൽ വളരെ കുറച്ച് ഉപഭോക്താക്കളേ കുടിശ്ശിക തുക അടച്ചുള്ളൂ.
ആറ് മാസത്തിൽ കൂടുതൽ കുടിശികയുള്ളവരുടെ കണക്‌ഷനുകളായിരിക്കും ആദ്യ ഘട്ടത്തിൽ വിച്ഛേദിക്കുക.
കുടിശികയുള്ള ഗാർഹികേതര കണക്‌ഷനുകൾക്കെല്ലാം ഉടൻ നോട്ടീസ് നൽകും.
2019 -20ലെ റവന്യൂ വരുമാനം (കോടിയിൽ)
 വെള്ളക്കരം - 542
 നോൺപ്ലാൻ ഫണ്ട് - 313.25
 കേന്ദ്ര ഗ്രാന്റ് - 70
 ആകെ - 925.25
2019 -20ലെ ചെലവ് (കോടിയിൽ)
ശമ്പളം - 386
വൈദ്യുതി - 242
പെൻഷൻ - 208
ഓപ്പറേറ്റിംഗ് മെയിന്റനൻസ് - 100
എൽ.ഐ.സി, ജി.പി.എഫ് - 50
മെഡിക്കൽ - 30
പെൻഷൻ - 100
പങ്കാളിത്ത പെൻഷൻ - 30
ടെർമിനൽ സറണ്ടർ, കമ്മ്യൂട്ടേഷൻ - 100
ഓഫീസ് പ്രവർത്തനം - 23
ആകെ 1269 കോടി
റവന്യൂ പിരിവ് (ശതമാനത്തിൽ)
2018-19: 60
2019-20: 63.45