
കാട്ടാക്കട: തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനും വോട്ടർപ്പട്ടികയിൽ പേരുചേർക്കുന്നത് ചർച്ചചെയ്യാനും ചേർന്ന കോൺഗ്രസ് യോഗത്തിൽ തെറിവിളിയും കൈയാങ്കളിയും. ഒടുവിൽ യോഗം ചേരാൻ കഴിയാതെ കെ.പി.സി.സി നേതാവും എം.എൽ.എയും സ്ഥലംവിട്ടു. ഇന്നലെ വൈകിട്ട് നാലോടെ പൂവച്ചൽ ഫിർദൗസ് ആഡിറ്റോറിയത്തിൽ ചേർന്ന കോൺഗ്രസ് അരുവിക്കര ബ്ലോക്ക് കമ്മിറ്റി യോഗമാണ് കൈയാങ്കളിയിൽ അവസാനിച്ചത്.
പൂവച്ചൽ, കുറ്റിച്ചൽ, വെള്ളനാട്, അരുവിക്കര പഞ്ചായത്തുകളിലെ കോൺഗ്രസ് ഭാരവാഹികളുടെ യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി പുനലൂർ മധുവിന്റെ നേതൃത്വത്തിലാണ് വിളിച്ചത്. തിരഞ്ഞെടുപ്പിൽ ഉറിയാക്കോട് ബ്ലോക്ക് ഡിവിഷനിൽ മത്സരിച്ച കോൺഗ്രസ് നേതാവ് കമൽ രാജിനും വെള്ളനാട് ഒമ്പത് വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ റിബൽ സ്ഥാനാർത്ഥികളെ നിറുത്തുകയും ഇവരെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് വിതരണം ചെയ്ത ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ വെള്ളനാട് ശശിയെയും കോൺഗ്രസ് വെള്ളനാട് മണ്ഡലം പ്രസിഡന്റ് വെള്ളനാട് സത്യദാസിനെയും പങ്കെടുപ്പിക്കേണ്ടെന്ന് ധാരണയുണ്ടായിരുന്നു. സംഭവത്തിൽ കെ.പി.സി.സിക്കും ഡി.സി.സിക്കും പ്രവർത്തകർ പരാതി നൽകിയിരുന്നു.
യോഗം തുടങ്ങാറായതോടെ വെള്ളനാട് ശശിയും സത്യദാസും ഹാളിൽ കയറിരുന്നു. ഇതോടെ അദ്ധ്യക്ഷനായിരുന്ന ബ്ലോക്ക് പ്രസിഡന്റ് സി.ആർ. ഉദയകുമാർ ഇരുവരോടും യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നും പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു. ഇത് വകവയ്ക്കാതെ ഇരുവരും ഹാളിൽ ഇരുന്നതോടെ മറ്റ് നേതാക്കൾ ചോദ്യംചെയ്തു. പ്രശ്നം രൂക്ഷമായതോടെ ഇരുവരും പങ്കെടുക്കട്ടേയെന്ന് കെ.എസ്. ശബരീനാഥൻ.എം.എൽ.എ നിലപാടെടുത്തതോടെ മറ്റ് നേതാക്കൾ എം.എൽ.എയ്‌ക്കെതിരെ തിരിഞ്ഞു. എം.എൽ.എ റിബലുകളെ പ്രോത്സാഹിപ്പിക്കുകയും അവരെ സഹായിച്ചവരെ സംരക്ഷിക്കുകയുമാണ് ചെയ്യുന്നതെന്നും നേതാക്കൾ ആരോപിച്ചു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കുകയും നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സഹായം സ്വീകരിക്കാനുമാണ് എം.എൽ.എയുടെ നീക്കമെന്നും യോഗത്തിൽ ആക്ഷേപമുയർന്നു. ഇതിനിടെ വാക്കേറ്റം തെറിവിളിയിലെത്തി. നേതാക്കൾ കുടിക്കാനായി വച്ചിരുന്ന കുടിവെള്ള കുപ്പികൾ കൊണ്ട് തമ്മിൽ പരസ്പരം എറിഞ്ഞു. മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ഏറുകിട്ടി. രംഗം നിയന്ത്രണാതീതമായപ്പോൾ കെ.പി.സി.സി ജനറൽ സെക്രട്ടറി പുനലൂർ മധു യോഗം പിരിച്ചുവിട്ടു സ്ഥലത്തുനിന്നും മടങ്ങി. തുടർന്ന് എം.എൽ.എയും സ്ഥലംവിട്ടു. ഇന്നലെ രാവിലെ ഉഴമലയ്ക്കൽ കോൺഗ്രസ് ഓഫീസിൽ ചേർന്ന ആര്യനാട്, ഉഴമലയ്ക്കൽ, വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ നേതാക്കളുടെ യോഗത്തിലും ആര്യനാട്ടുവച്ച് നടന്ന രണ്ട് യോഗങ്ങളിലും എം.എൽ.എയ്ക്ക് രൂക്ഷ വിമർശനമായിരുന്നു നേരിടേണ്ടിവന്നത്.