cup-of-kavitha

നേർത്ത നനുത്ത സ്‌പർശമായി നമ്മെ തഴുകി തലോടി പോകുന്ന കവിത വല്ലാത്തൊരു അനുഭവമാണ്. വീണ്ടും വീണ്ടും കേൾക്കണമെന്ന് തോന്നുന്ന അത്തരം കവിതകൾ ചുരുക്കവുമായിരിക്കും. അത്തരമൊരു കവിത പോലെയുള്ള ഹ്രസ്വ ചിത്രമാണ് ശ്രീലാൽ തുളസീധരൻ സംവിധാനം ചെയ്ത കപ്പ് ഒഫ് കവിത.

സർവസാധാരണമായി കൊണ്ടിരിക്കുന്ന ലിവിംഗ് ടുഗദർ (വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്ന രീതി)​ ബന്ധങ്ങൾക്കിടയിൽ മൊട്ടിടുന്ന കുഞ്ഞിളക്കങ്ങളെ അതിമനോഹരമായാണ് 9.25 മിനിട്ടുള്ള ഈ ഹ്രസ്വ ചിത്രത്തിലൂടെ സംവിധായകൻ വരച്ചിടുന്നത്. ഏകാകിയായ യുവതി തന്റെ ഏകാന്തതയും തന്നിലെ മാറ്റങ്ങളും വരികളിലൂടെ വരച്ചിടുമ്പോൾ അത് മനോഹരമായ കാവ്യാനുഭവമായി പ്രേക്ഷകർക്ക് അനുഭവപ്പെടുന്നു. നഖം മുതൽ മുടിവരെ അതൊരു നനുത്ത സ്‌പർശമായി കടന്നുപോകുമ്പോൾ കവിത പോലൊരു മനോഹര കാഴ്ചയായി സിനിമ മാറുന്നുണ്ട്.

കഥാസന്ദർഭത്തിന് അനുസരിച്ചുള്ള മിഴിവുള്ള ദൃശ്യങ്ങൾ ആസ്വാദനത്തിന്റെ മറ്റൊരു തലം കൂടി പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്. ശ്രീലാലും ചിത്രത്തിലെ നായിക സ്‌മിത അംബുവും ചേർന്നാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥ ശ്രീലാലിന്റേതാണ്. സ്‌മിത അംബു തന്നെയാണ് കവിത രചിച്ചത്. നായകനായ അനൂപ് മോഹൻദാസാണ് ഈണവും പശ്ചാത്തല സംഗീതവും ഒരുക്കിയത്.