
ആലുവ: ഫ്ളാറ്റിലെ പാർക്കിംഗ് ഏരിയയിൽ ബിൽഡർ ഓഫീസ് മുറി നിർമ്മിച്ചത് ചോദ്യം ചെയ്ത ഫ്ളാറ്റുടമയായ സിനിമാ താരത്തെ മർദ്ദിച്ചതായി പരാതി. ആലുവ കിഴക്കേ ദേശം പെന്റൂണിയ ഫ്ളാറ്റിൽ താമസിക്കുന്ന തൊടുപുഴ സ്വദേശിനി മീനു കുര്യൻ എന്ന മീനു മുനീറയാണ് ഫ്ളാറ്റിൽ ആക്രമണത്തിനിരയായത്.
23ന് സംഭവം നടന്നിട്ടും ആക്രമണത്തിന്റെ സി.സി ടി.വി ദൃശ്യം കൈമാറിയിട്ടും നെടുമ്പാശേരി പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നാണ് ആക്ഷേപം. 2014ൽ നിർമ്മാണം പൂർത്തിയായ കെട്ടിടത്തിൽ 54 ഫ്ളാറ്റുകളാണുള്ളത്. ഇതിൽ 14 എണ്ണം വിൽക്കാനായിട്ടില്ല. ഒമ്പത് ഉടമകൾ മാത്രമാണ് താമസിക്കുന്നത്. വിദേശ മലയാളികളുടെ ഉടമസ്ഥതയിലുള്ള ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്. ചിലതിൽ വാടകക്കാരുണ്ട്. ഫ്ളാറ്റ് ഉടമകൾക്ക് പാർക്കിംഗിന് അനുവദിച്ച സ്ഥലത്താണ് അടുത്തിടെ ബിൽഡർ സ്വകാര്യ ആവശ്യത്തിനായി ഓഫീസ് നിർമ്മിച്ചത്. തുടർന്ന് അടൂർ സ്വദേശിനിയായ സുമിത മാത്യുവെന്ന ജീവനക്കാരിയെയും നിയോഗിച്ചു.
കാർ പാർക്കിംഗ് ഏരിയയിൽ അനധികൃത നിർമ്മാണം എതിർത്തതിന്റെ പേരിൽ ബിൽഡറുടെ ജീവനക്കാരിയുടെ കൂടെയുള്ള യുവാവാണ് മർദ്ദിച്ചതെന്ന് മീനു പറഞ്ഞു. സംഭവ സ്ഥലത്ത് പൊലീസ് എത്തിയെങ്കിലും ഒരു സ്ത്രീയെ കൈയ്യേറ്റം ചെയ്ത പ്രതിയെ ദിവസങ്ങൾ കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്തിട്ടില്ലെന്ന ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷൻ ആരോപിച്ചു. പൊലീസിന് പരാതി നൽകിയതിന് പുറമെ അനധികൃത നിർമ്മാണത്തിന് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയിട്ടുണ്ട്.