
പാലക്കാട്:തേങ്കുറിശ്ശി അനീഷിന്റെ ദുരഭിമാനക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അനീഷിനെ പണം കൊടുത്ത് വശത്താക്കാനും ഭാര്യയുടെ വീട്ടുകാരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. ഇതിന് തെളിവായി ഹരിതയും അപ്പൂപ്പനും തമ്മിലുളള ടെലിഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നു. ഹരിതയെ വീട്ടിലെത്തിച്ചാൽ അനീഷിന് പണം നൽകാമെന്ന് ഹരിയുടെ മുത്തച്ഛൻ പറയുന്നതാണ് ശബ്ദരേഖയിലുളളത്. ശബ്ദരേഖയെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം കൊലപാതകം ആസൂത്രിതമാണെന്നാണ് അനീഷിന്റെ അച്ഛൻ പറയുന്നത്. ഹരിതയുടെ അച്ഛൻ പ്രഭുകുമാറിന്റെ അച്ഛനായ കുമരേശൻ പിള്ളയ്ക്കും ഇതിൽ പങ്കുണ്ടെെന്നും അനീഷിന്റെ അച്ഛൻ ആരോപിക്കുന്നു. സംഭവ ദിവസം അനീഷിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രകോപനവും ഉണ്ടായില്ലെന്നും ആരോ കൃത്യമായി വിവരം നൽകിയാണ് കൊലപാതകം നടത്തിയതെന്നും അനീഷിന്റെ അച്ഛൻ പറഞ്ഞു. സ്ത്രീധനം ആവശ്യപ്പെട്ടുവെന്ന് കാണിച്ച് വക്കീൽ നോട്ടീസ് വരെ അയച്ചുവെന്നാണ് അനീഷിന്റെ അമ്മ പറയുന്നത്. കൂടുതൽ ആളുകൾക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നും അനീഷിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. എന്നാൽ വിവാഹത്തിലുള്ള എതിർപ്പ് മൂലമാണ് കൊലപാതകം എന്നാണ് കേസിൽ അറസ്റ്റിലായ പ്രതികൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സംഭവ ദിവസം അനീഷിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായെന്നും പ്രതികൾ പറയുന്നു.
ഉയർന്ന ജാതിയിലെ പെൺകുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്ത  പാലക്കാട് തേങ്കുറുശി ഇലമന്ദത്ത് ആറുമുഖന്റെ മകൻ അനീഷിനെ (അപ്പു - 27) ഭാര്യാപിതാവും അമ്മാവനും ചേർന്ന് കുത്തിയും മർദ്ദി കൊലപ്പെടുത്തിയത് ക്രിസ്തുമസ് ദിനത്തിലാണ്. സംഭവത്തിൽ അനീഷിന്റെ ഭാര്യാപിതാവ് ഇലമന്ദം സ്വദേശി പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരെ കുഴൽമന്ദം പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ സെപ്തംബർ 27നാണ് അനീഷും ഹരിതയും(19) വിവാഹിതരായത്. ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ ഹരിതയുടെ വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന് വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. പിള്ള സമുദായത്തിൽപ്പെട്ടതാണ് ഹരിത. കൊല്ലൻ സമുദായംഗമാണ് അനീഷ്. ജാതീയവും സാമ്പത്തികവുമായ വലിയ അന്തരം പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ അസ്വസ്ഥമാക്കുകയും തുടർന്നുണ്ടായ വൈരാഗ്യം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. വിവാഹ ശേഷം പലതവണ അമ്മാവൻ സുരേഷ് അനീഷിന്റെ വീട്ടിലെത്തി കൊലവിളി നടത്തിയെന്ന് ഹരിത പറഞ്ഞു. പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും പെൺകുട്ടി ആരോപിക്കുന്നു. വെള്ളിയാഴ്ച അനീഷിന്റെ കുടുംബത്തിൽ ധനു പത്തിനോടനുബന്ധിച്ച് പൂജ നടന്നിരുന്നു. ഇതിന് ശേഷം വൈകിട്ട് അഞ്ചേമൂക്കാലോടെ അനീഷും സഹോദരൻ അരുണും ബൈക്കിൽ മനാംകുളമ്പിലേക്ക് പോയപ്പോഴായിരുന്നു ആക്രമണം. ബൈക്കു നിറുത്തി അരുൺ സ്കൂളിന് സമീപത്തെ കടയിൽ സോഡ കുടിക്കാൻ പോയപ്പോഴാണ് അവിടെ നിന്നിരുന്ന പ്രതികൾ അനീഷുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടതും ആക്രമിച്ചതും.