modi

ന്യൂഡൽഹി: ഓരോപ്രതിസന്ധിയും ഓരോ പാഠം പഠിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനതാ കർഫ്യൂവിനെ എല്ലാവരും അഭിനനന്ദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്. പുതുവർഷത്തിൽ രോഗ സൗഖ്യത്തിനാവും പ്രാമുഖ്യം നൽകുക എന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ അവസാനത്തെ മൻ കിബാത്തായിരുന്നു ഇന്നത്തേത്. കാർഷിക നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രവും കർഷകരും തമ്മിൽ ചർച്ച നടക്കാനിരിക്കെ കർഷക സമരത്തെക്കുറിച്ചും കാർഷിക നിയമത്തെക്കുറിച്ചും പരാമർശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

'രാജ്യത്തിന്റെ കൂട്ടായ ശക്തിയും ഐക്യവും ആളുകൾ വിലമതിച്ചിട്ടുണ്ട്. ജനതാകർഫ്യൂവിനെ ലോകം പ്രശംസിച്ചതാണ്. 2020ൽ ആത്മനിർഭർ ഭാരതത്തിന്റെ ആത്മാവ് ഞങ്ങൾ കണ്ടു. പുതിയ വർഷം നല്ലൊരു മാതൃകയുമായി തുടങ്ങണം. പുതുവർഷത്തിൽ സ്വദേശി ഉത്പന്നങ്ങൾ മാത്രമേ വാങ്ങൂ എന്നത് മുദ്രവാക്യമായി ഉയർത്തണം. സ്വാശ്രയത്വമാകണം പുതുവത്സര പ്രതിജ്ഞ. ഉത്പന്നങ്ങൾ ഉന്നത നി​ലവാരം പുലർത്തുന്നതാണെന്ന് നി​ർമ്മാതാക്കളും ഉറപ്പുവരുത്തണം. പുതുവർഷത്തെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്ന് സിംഗിൾ യൂസ് പ്ളാസ്റ്റിക്കിന്റെ വിപത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നതാണ്. രാജ്യത്തെ കാടുകളിൽ പുളളിപ്പുലികളുടെയും കടുവകളുടെയും സിംഹങ്ങളുടെയും എണ്ണം കൂടിയിട്ടുണ്ട്. ഇത് സർക്കാർ ശ്രമങ്ങൾ കൊണ്ടല്ല. മറിച്ച് ഇവയെ സംരക്ഷിക്കാൻ നിരവധി ആളുകൾ നടത്തിയ ശ്രമത്തിന്റെ ഭാഗമാണത്. ആ ശ്രമങ്ങളെല്ലാം അഭിനന്ദനാർഹമാണ്- പ്രധാനമന്ത്രി​ പറഞ്ഞു.

അതേസമയം, മൻ കി​ ബാത് പ്രസംഗം കർഷകർ ബഹിഷ്ക്കരിച്ചു. പ്രധാനമന്ത്രി സംസാരിക്കുമ്പോൾ കർഷകർ പാത്രങ്ങൾ അടിച്ച് ശബ്ദമുണ്ടാക്കുകയായി​രുന്നു. കർഷക സമരം ഒത്തുതീർപ്പാക്കാത്തതി​ൽ പ്രതി​ഷേധി​ച്ചായി​രുന്നു ഇത്. കർഷക സമരം ഇന്ന് മുപ്പത്തി​രണ്ടാം ദിവസത്തിലേക്ക് കടന്നി​രി​ക്കുകയാണ്. കാർഷി​ക നി​യമങ്ങൾ പി​ൻവലി​ക്കാതെ സമരത്തി​ൽ നി​ന്ന് പി​ന്മാറി​ല്ലെന്നാണ് കർഷകരുടെ നി​ലപാട്. നേരത്തേ സർക്കാരുമായി​ പലവട്ടം ചർച്ചകൾ നടത്തി​യെങ്കി​ലും ഒന്നും തീരുമാനമായി​ല്ല. കാർഷിക പരിഷ്കരണ നിയമങ്ങൾ റദ്ദാക്കുന്നതിനുളള നടപടികൾ, താങ്ങുവില രേഖാമൂലം ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥ, വായുമലിനീകരണ ഓർഡിനൻസിന്റെ ഭേദഗതികൾ, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടിൽ ആവശ്യമായ മാറ്റങ്ങൾ തുടങ്ങി​യ വിഷയങ്ങൾ ചൊവ്വാഴ്ചത്തെ യോഗത്തിൽ ചർച്ച ചെയ്യണമെന്നാണ് കർഷകരുടെ നിലപാട്.