 
പാലക്കാട് : തേങ്കുറിശ്ശിയിലെ ദുരഭിമാന കൊലയിൽ അറസ്റ്റിലായ പ്രതികളെ സംഭവസ്ഥലത്തും വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യാപിതാവ് ഇലമന്ദം സ്വദേശി പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരെയാണ് തെളിവെടുപ്പിന് എത്തിത്. സംഭവസ്ഥലത്ത് നടത്തിയ തെളിവെടുപ്പിന് ശേഷം സുരേഷിന്റെ വീട്ടിൽ എത്തിച്ചും തെളിവെടുത്തു. അനീഷിന്റെ കുത്തിക്കൊല്ലാൻ ഉപയോഗിച്ച കത്തി ഇവിടെനിന്ന് കണ്ടെടുത്തു.
ക്രിസ്തുമസ് ദിനത്തിലാണ് അനീഷ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത് ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ്. ഒന്നിച്ച് മൂന്നുമാസം തികച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് ഹരിതയുടെ അച്ഛനും അമ്മാവനും കൊല്ലപ്പെട്ട അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ബന്ധുക്കൾ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്.
കഴിഞ്ഞ സെപ്തംബർ 27നാണ് അനീഷും ഹരിതയും വിവാഹിതരായത്. ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ ഹരിതയുടെ വീട്ടുകാരുടെ എതിർപ്പുകളെ മറികടന്ന് വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു.പിള്ള സമുദായത്തിൽപ്പെട്ടതാണ് ഹരിത. കൊല്ലൻ സമുദായംഗമാണ് അനീഷ്. ജാതീയവും സാമ്പത്തികവുമായ വലിയ അന്തരം പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ അസ്വസ്ഥമാക്കുകയും തുടർന്നുണ്ടായ വൈരാഗ്യം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.വിവാഹ ശേഷം പലതവണ അമ്മാവൻ സുരേഷ് അനീഷിന്റെ വീട്ടിലെത്തി കൊലവിളി നടത്തിയെന്ന് ഹരിത പറഞ്ഞു. 
വെള്ളിയാഴ്ച അനീഷിന്റെ കുടുംബത്തിൽ ധനു പത്തിനോടനുബന്ധിച്ച് പൂജ നടന്നിരുന്നു. ഇതിന് ശേഷം വൈകിട്ട് അഞ്ചേമൂക്കാലോടെ അനീഷും സഹോദരൻ അരുണും ബൈക്കിൽ മനാംകുളമ്പിലേക്ക് പോയപ്പോഴായിരുന്നു ആക്രമണം. ബൈക്കു നിറുത്തി അരുൺ സ്കൂളിന് സമീപത്തെ കടയിൽ സോഡ കുടിക്കാൻ പോയപ്പോഴാണ് അവിടെ നിന്നിരുന്ന പ്രതികൾ അനീഷുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടതും ആക്രമിച്ചതും.കൈയിൽ കരുതിയ കത്തിയും വാഹനത്തിന്റെ ലിവറും ഉപയോഗിച്ച് അനീഷിനെ വകവരുത്തുകയായിരുന്നു.