
കണ്ണൂർ: ഒടുവിൽ കണ്ണൂർ കോർപ്പറേഷൻ മേയറുടെ കാര്യത്തിൽ തീരുമാനമായി. ടി ഒ മോഹനനെയാണ് മേയറായി തിരഞ്ഞെടുത്തത്. യു ഡി എഫിന് വ്യക്തമായ ഭൂരിപക്ഷത്തിൽ ഭരണം കിട്ടിയെങ്കിലും മേയർ സ്ഥാനത്തേക്ക് മൂന്നു പേരുകൾ ഉയർന്നുവന്നിരുന്നു. ഇതോടെ വോട്ടെടുപ്പിലൂടെ മേയർ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തവണ കോർപ്പറേഷനിലെ കക്ഷി നേതാവായിരുന്നു ടി ഒ മോഹനൻ.
കെ പി സി സി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, മുൻ ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് എന്നിവരെ പിന്തള്ളിയാണ് ടി ഒ മോഹനൻ മേയർ സ്ഥാനം ഉറപ്പിച്ചത്. മാർട്ടിൻ ജോർജ്ജ് അവസാനഘട്ടത്തിൽ പിൻവാങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. രഹസ്യബാലറ്റ് വഴിയായിരുന്നു തിരഞ്ഞെടുപ്പ് മോഹനന് 11 അംഗങ്ങളുടെ പിന്തുണ കിട്ടിയപ്പോൾ പി കെ രാഗേഷിന് കിട്ടിയത് 9 പേരുടെ വോട്ട്.