
തിരുവനന്തപുരം : മുടവൻമുകൾ കേശവദേവ് റോഡിൽ ഒരു ഇരുചക്രവാഹനം കഷ്ടിച്ച് പോകാവുന്ന ഇടവഴിയിൽ രണ്ട് മുറികളുള്ള ഒറ്റനില വാടകവീട്. തിങ്ങി നിറഞ്ഞ സ്വീകരണ മുറിയിൽ ടിവി, ഒരുവശത്ത് മേശപ്പുറത്ത് പുസ്‌കങ്ങളും പേപ്പറുകളും. പ്ലാസ്റ്റിക്ക് ബോക്സിൽ പലഹാരങ്ങൾ, ഷെൽഫിൽ ട്രോഫികൾ ,ചെറിയ അടുക്കള, അതിന് പുറത്തായി ചായ്പ്പും.
കോർപറേഷൻ മേയർ സ്ഥാത്തേക്ക് മത്സരിക്കാൻ സി.പി.എം നിയോഗിച്ച മുടവൻമുകളിലെ ആര്യാ രാജേന്ദ്രന്റെ വീടാണിത്. പ്രാരബ്ധങ്ങളും സാമ്പത്തിക പരാധീനതകളും അറിഞ്ഞാണ് ആര്യ വളർന്നത്. പഠത്തോടൊപ്പം സംഘടനാപ്രവർത്തനവും നടത്തി. ഇലക്ട്രിഷ്യനായ അച്ഛൻ രാജേന്ദ്രന്റെയും എൽ.ഐ.സി ഏജന്റായ അമ്മ ശ്രീലതയുടെയും വരുമാനത്തിൽ നിന്ന് സഹോദരൻ അരവിന്ദിന്റെയും ആര്യയുടെയും പഠനം. അരവിന്ദ് ഓട്ടോമൊബൈൽ എൻജിനീയറിംഗ് പാസായി.
കഴിഞ്ഞ ഡിസംബറിൽ അബുദാബിയിലേക്ക് പോയി. ജൂലായിൽ ജോലി തരപ്പെട്ടു. അതിനിടെയാണ് ആര്യ സ്ഥാനാർത്ഥിയായത്. മേയർ സ്ഥാനാർത്ഥിയായതോടെ പാർട്ടി പ്രവർത്തകരും മാദ്ധ്യമങ്ങളും വീട്ടിലേക്ക് കൂടുതലായി എത്തുന്നു. ' ഇതാണ് തിരഞ്ഞെടുപ്പ് സമയത്ത് ആരെയും വീട്ടിലേക്ക് കൊണ്ടുവരാഞ്ഞത്. വീട് കണ്ടിട്ടുവേണം സഹതാപവോട്ട് ചോദിച്ചെന്ന് പറയാൻ.' ചിരിച്ചുകൊണ്ട് ആര്യ പറഞ്ഞു.
ഈ വീടിന് മുന്നിലാണ് ആര്യയുടെ അച്ഛന്റെ കുടുംബവീട്. അത് സഹോദരിക്ക് നൽകി. തൊട്ടടുത്തായി സ്വന്തമായി വീട് നിർമ്മാണം തുടങ്ങിയെങ്കിലും സാമ്പത്തിക പ്രതിസന്ധികാരണം പാതിവഴിയിൽ അത് വിറ്റു. തുടർന്ന് 25 വർഷത്തോളമായി നിലവിലെ വാടകവീട്ടിലാണ് താമസം. ആര്യ ജനിച്ചതും വളർന്നതും ഇവിടെയാണ്.
കഷ്ടപ്പാടുകൾ സംഘടനാ പ്രവർത്തനത്തിനും പഠനത്തിനും തടമാസമായില്ല. പത്താം ക്ലാസിൽ ഒൻപത് എ പ്ലസും ഒരു എയും നേടിയ ആര്യ പ്ലസ്ടുവിന് 90ശതമാത്തോളം മാർക്കും നേടി. കുഞ്ഞുനാളിലേ അച്ഛൻ പാർട്ടി പരിപാടികളിൽ ആര്യയെ ഒപ്പം കൂട്ടി. ബാലസംഘത്തിലും അയച്ചു. അഞ്ചാം ക്ലാസ് മുതലുള്ള ബാലസംഘം അനുഭവങ്ങളാണ് ആര്യയുടെ ഓർമ്മയിലുള്ളത്. 2016ൽ ബാലസംഘം ചാല ഏരിയ പ്രസിഡന്റായി. അതേവർഷം എസ്.എഫ്.ഐയുടെ ചാല ഏരിയ കമ്മിറ്റിയിലും അംഗമായി.
2018 ഡിസംബറിൽ നടന്ന ബാലസംഘം സംസ്ഥാന സമ്മേളത്തിലാണ് സംസ്ഥാന പ്രസിഡന്റായത്. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയിലും എത്തി. അതോടെ ആര്യയുടെ പ്രവർത്തന മണ്ഡലം സംസ്ഥാനമാകെ പടർന്നു. പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി. കൊവിഡ് കാലത്ത് വീടുകളിൽ കഴിയുന്ന കുട്ടികളുടെ പഠന പ്രശ്നങ്ങളും ഓൺലൈൻ ക്ലാസിന്റെ ഗുണഫലവും മനസിലാക്കാൻ ബാലസംഘം സർവേ നടത്തിയിരുന്നു. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് ആര്യയായിരുന്നു. പിന്നാലെയാണ് നാട്ടിൽ സ്ഥാനാർത്ഥിത്വം തേടിയെത്തിയത്. ഇപ്പോൾ മേയർ സ്ഥാനവും.