cm

കോഴിക്കാേട്: കേരള പര്യടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചുചേർത്ത വിവിധ സംഘടനാപ്രതിനിധികളുടെയും മതമേലദ്ധ്യക്ഷന്മാരുടെയും പൗരപ്രമുഖരുടെയും യോഗത്തിലേക്ക് ജമാ അത്തെ ഇസ്ലാമിയെ ക്ഷണിച്ചില്ല. ഇ കെ - എ പി സുന്നി വിഭാഗങ്ങളിലെ നേതാക്കളെയും, എം ഇ എസ്, കെ എൻ എം തുടങ്ങിയ സംഘടനാ പ്രതിനിധികളെയും ക്ഷണിച്ച യോഗത്തിലാണ് ജമാ അത്തെ ഇസ്ലാമിയെ ഒഴിവാക്കിയത്. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടി തദ്ദേശ തിരഞ്ഞെടുപ്പിൽ യു ഡി എഫുമായി നീക്കുപോക്കുണ്ടാക്കിയതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഈ നീക്കം എന്നാണ് കരുതുന്നത്. അതിനിടെ ജമാ അത്തെ ഇസ്ലാമിയെ ഒഴിവാക്കിയതിന് പിന്തുണയുമായി സമസ്ത രംഗത്തെത്തി. പോരായ്‌മ ഉണ്ടെങ്കിലും പിണറായി സർക്കാരിൽ തൃപ്തി രേഖപ്പടുത്തിയ സമസ്ത യു ഡി എഫിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ജമാ അത്തെ ഇസ്ലാമിയുമായി കൂട്ടുകൂടിയാൽ തിരഞ്ഞെടുപ്പിൽ എതിർക്കുമെന്നാണ് മുന്നറിയിപ്പ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ പ്രകടനപത്രികയിൽ എന്തൊക്കെ ഉൾപ്പെടുത്തണം എന്നകാര്യത്തിൽ കേരളമെമ്പാടും പര്യടനം നടത്തി അഭിപ്രായങ്ങൾ തേടുകയാണ് മുഖ്യമന്ത്രി. ഇതിന്റെ ഭാഗമായായിരുന്നു കോഴിക്കോട്ടെ യോഗവും. യോഗത്തിലേക്ക് 120 പേരെയാണ് ക്ഷണിച്ചിരുന്നത്. താമരശ്ശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ, കോഴിക്കോട് ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ എന്നിവർ യോഗത്തിനെത്തിയില്ല. ഞായറാഴ്ച ആയതിനാൽ സഭയുടെ ചില അത്യാവശ്യകാര്യങ്ങൾ ഉളളതുകൊണ്ട് എത്താനാവില്ലെന്നാണ് ഇരുവരും മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, എ കെ ശശീന്ദ്രൻ, ടി പി രാമകൃഷ്ണൻ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.