lock-down

ന്യൂഡൽഹി : കൊവിഡും, ലോക്ക്ഡൗണും സമൂഹത്തിലെ പാവപ്പെട്ടവും പിന്നാക്കക്കാരുമായ ജനവിഭാഗത്തെ എത്രമാത്രം ബാധിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുകയാണ് ഗുജറാത്തിലെ അന്നാ രക്ഷാ അധികാർ അഭിയാൻ (എ.എസ്.എ.എ) നടത്തിയ സർവേ ഫലം. ഈ സംഘടന നടത്തിയ 'ഹംഗർ വാച്ച്' സർവേയിൽ പങ്കെടുത്ത 20.6 ശതമാനം കുടുംബങ്ങളും കടുത്ത പട്ടിയാണ് നേരിടുന്നത് എന്നാണ് അറിയിച്ചത്. ഇവരിൽ 21.8 ശതമാനം ആളുകളും മിക്കപ്പോഴും ഒരു നേരത്തെ ആഹാരം പോലും കഴിക്കാനാവാതെ ദിവസങ്ങൾ കഴിച്ചുകൂട്ടിയതായിട്ടാണ് വെളിപ്പെടുത്തുന്നത്.

ഗുജറാത്തിലെ അഹമ്മദാബാദ്, ആനന്ദ്, ഭരൂച്, ഭാവ് നഗർ, ദാഹോദ്, മോർബി, നർമദ, പഞ്ചമഹൽസ്, വഡോദര എന്നീ ഒൻപത് ജില്ലകളിലെ ചേരിപ്രദേശങ്ങളിലുൾപ്പടെ താമസിക്കുന്ന ആളുകൾക്കിടയിലാണ് സർവേ നടത്തിയത്. അവശ്യ സാധനങ്ങൾ പോലും അളവിൽ കുറച്ച് മാത്രം വാങ്ങുവാനുള്ള സാമ്പത്തിക ശേഷിമാത്രമേ ഇവർക്കുള്ളു. കൊവിഡ് ഇവർക്കുമേൽ ഏൽപ്പിച്ച ആഘാതം വളരെ വലുതാണ്. പൊതു വിതര സംവിധാനങ്ങളിൽ നിന്നും ഇവർക്ക് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്നില്ലെന്നും സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ റേഷൻ കാർഡുകൾ ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ 'നിശബ്ദമാക്ക'പ്പെട്ടിരിക്കുകയാണ്. പലപ്പോഴും സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇവർ അറിയാതെ പോവുകയോ കിട്ടാതിരിക്കുകയോ ചെയ്യുന്നുണ്ട്.

ഗുജറാത്തിലെ പിന്നാക്ക സമുദായങ്ങളിൽപ്പെട്ട 403 വീടുകളിൽ നിന്നുമാണ് ഹംഗർ വാച്ച് സർവേയ്ക്കായി വിവരങ്ങൾ ശേഖരിച്ചത്. ഇതിൽ 91.1 ശതമാനം ഗ്രാമീണ മേഖലയിൽ നിന്നുള്ളവരാണ്. 403 വീടുകളിൽ 50.4 ശതമാനം പേർക്കും പ്രതിമാസം 3,000 രൂപയിൽ താഴെ വരുമാനം മാത്രമാണ് ഇക്കാലയളവിൽ നേടാനായത്. വനവിഭവങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്നവരെയും കൊവിഡ് സാമ്പത്തികമായി ബാധിച്ചു. ലോക്ക്ഡൗൺ സമയത്ത് വനത്തിൽ പ്രവേശിക്കുവാൻ അധികാരികൾ വിലക്കേർപ്പെടുത്തിയിരുന്നതാണ് കാരണം. വിവിധ ഇടങ്ങളിൽ നിന്നും നഗരാതിർത്തികളിലേക്ക് കുടിയേറി താമസിക്കുന്നവരുടെ അവസ്ഥയും ദയനീയമാണ്. ഇത്തരക്കാർക്കുൾപ്പടെ ഭക്ഷ്യധാന്യങ്ങൾ സംസ്ഥാന സർക്കാരിന്റെ അന്ന ബ്രഹ്മ പദ്ധതിയിൽ ഉൾപ്പെടുത്തി അടുത്ത വർഷം പകുതിവരെ എങ്കിലും നൽകണമെന്നാണ് സമൂഹ്യ സംഘടനകൾ ആവശ്യപ്പെടുന്നത്.