
ന്യൂഡൽഹി: കർഷക സമരം തുടരുന്നതിനിടെ ഒരാൾകൂടി ജീവനൊടുക്കി. അഡ്വ.അമർജീത്ത് സിംഗ് എന്നയാളാണ് ജീവനൊടുക്കിയത്.തിക്രി അതിർത്തിയിലെ സമരസ്ഥലത്ത് പ്രധാനമന്ത്രിക്ക് കത്തെഴുതി വച്ചശേഷമായിരുന്നു ആത്മഹത്യ. കർഷക പ്രക്ഷോഭം ആരംഭിച്ചശേഷം നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്.
പ്രധാനമന്ത്രിയുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് ആത്മഹ്യയെന്നാണ് അഡ്വ.അമർജീത്ത് സിംഗ് കത്തിൽ വിശദീകരിക്കുന്നത്. ഏകാധിപതിയെന്നാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് നൽകുന്ന വിശേഷണം. ജനങ്ങൾ അവരുടെ ആഹാരത്തിന് വേണ്ടി നടത്തുന്ന സമരത്തെ പ്രധാനമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നുവെന്നും കത്തിൽ പറയുന്നുണ്ട്. കർഷകനായ അമർജീത്ത് ജലാലാബാദ് ബാർ അസോസിയേഷൻ ഭാരവാഹി കൂടിയാണ്. ദിവസങ്ങൾക്കുമുമ്പാണ് പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ഇദ്ദേഹം തിക്രി അതിർത്തിയിലെ സമരസ്ഥലത്ത് എത്തിയത്.
കർഷകരോട് കേന്ദ്ര സർക്കാർ നീതികാണിക്കുന്നില്ലെന്നാരോപിച്ച് ഹരിയാന ഗുരുദ്വാരയിലെ പുരോഹിതനായിരുന്ന ബാബാ രാം സിംഗിന്റേതായിരുന്നു പ്രക്ഷോഭം തുടങ്ങിയശേഷമുളള ആദ്യ ആത്മഹത്യ.സമരത്തിൽ പങ്കെടുത്ത് മടങ്ങിയ 22കാരനായ പഞ്ചാബിലെ കർഷകൻ ഗുർലഭ് സിംഗായിരുന്നു രണ്ടാമത് ആത്മഹത്യ ചെയ്തത്.
ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിനിടെ കാർഷിക നിയമത്തിനെതിരേ സമരം ചെയ്യുന്ന കർഷകർ പാത്രം കൊട്ടി പ്രതിഷേധിച്ചിരുന്നു .കൊവിഡ് പോരാളികൾക്ക് പാത്രം കൊട്ടി ആദരവ് പ്രകടിപ്പിക്കാൻ നേരത്തേ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. അതേ രീതിതന്നെ പ്രധാനമന്ത്രിക്ക് എതിരായ സമരത്തിനുളള മാർഗമായി തിരഞ്ഞെടുക്കുകയായിരുന്നു കർഷകർ.