rape

മധുര: പതിനാറുകാരിയെ പീഡിപ്പിച്ചത് ഇരുനൂറിലധികം പേർ. തമിഴ്നാട്ടിലെ മധുര സ്വദേശിയാണ് നാലുവർഷമായി കൊടും ക്രൂരതയ്ക്ക് ഇരയായി​ക്കൊണ്ടി​രുന്നത്. പീഡനത്തിന് ഒത്താശ ചെയ്ത പെൺകുട്ടിയുടെ പിതൃസഹോദരി ഉൾപ്പെട്ട സെക്സ് റാക്കറ്റിലെ ആറുപേരും പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച പെൺകുട്ടിയെ പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് താൻ അനുഭവിച്ച കൊടും ക്രൂരതകൾ പെൺകുട്ടി തുറന്നുപറഞ്ഞത്.

പിടിയിലായവരെല്ലാം സെക്സ് റാക്കറ്റിലെ കണ്ണികളാണ്. ഇവർ കുട്ടിയെ നിരവധിപേർക്ക് കാഴ്ചവച്ചുവെന്നാണ് പൊലീസ് പറയുന്നത്. അച്ഛൻ മരിച്ചതോടെയാണ് പെൺകുട്ടിക്ക് കഷ്ടകാലം തുടങ്ങിയത്. അമ്മ മാനസികരോഗിയായിരുന്നു. അവസരം മുതലെടുത്ത പിതൃസഹോദരി പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു. എന്നാൽ ഇവർ നിർബന്ധിച്ച് ലൈംഗിക വൃത്തിക്ക് പ്രേരിപ്പിക്കുകയായിരുന്നു. എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി. എട്ടാം ക്ലാസിൽ വച്ച് പഠനവും നിറുത്തി. കഴിഞ്ഞ നാല് വർഷത്തിനിടെ ഇരുനൂറി​ലധി​കം പേർ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഇടനിലക്കാർ വഴിയാണ് പുതിയ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. കേസിൽ അറസ്റ്റിലായ മറ്റൊരു സ്ത്രീയുടെ വീട്ടിലാണ് പെൺകുട്ടിയെ പാർപ്പിച്ചിരുന്നത്. മൊബൈൽ ഫോണും പണവും സ്വർണാഭരണങ്ങളും നൽകി ഇവർ പെൺകുട്ടിയെ പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നു. പൊലീസിന്റെ പിടിയിൽപ്പെടാതിരിക്കാൻ ഒരുസ്ഥലത്തും ഇവർ അധികമായി തങ്ങിയിരുന്നില്ല. സംഘത്തിൽ ഉൾപ്പെട്ട ഒരു ആംബുലൻസ് ഡ്രൈവറുടെ സഹായത്തോടെയാണ് പലയിടത്തും പെൺകുട്ടിയെ എത്തിച്ചിരുന്നത്. പെൺകുട്ടിയെ ഉപയോഗിച്ച് സംഘം ലക്ഷങ്ങൾ സമ്പാദിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

പെൺകുട്ടിയെ പീഡിപ്പിച്ചവർ ആരൊക്കെയെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനായി പെൺകുട്ടിയുടെയും പ്രതികളുടെയും മൊബൈൽ ഫോണുകൾ പരിശോധിച്ചുവരികയാണ്. ഉന്നതന്മാർ ഉൾപ്പടെയുളളവർ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.