boris-jhonson

ലണ്ടൻ: കഴിഞ്ഞദിവസം ധാരണയിലെത്തിയ ബ്രെക്സിറ്റ് വ്യാപാരക്കരാർ ബുധനാഴ്ച ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിക്കും. ജനങ്ങളോടുള്ള കടമയാണ് നിറവേറ്റിയതെന്നും അതുകൊണ്ട് കരാറിനെ പിന്തുണയ്ക്കണമെന്നും ടോറി അംഗങ്ങളോട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു. അതേസമയം, 1200 പേജുകളുള്ള കരാറിന്റെ പൂർണരൂപം ബ്രിട്ടനും യൂറോപ്യൻ യൂണിയനും ശനിയാഴ്ച പുറത്തുവിട്ടു. മത്സ്യബന്ധനം, വാണിജ്യം, വാണിജ്യനിയമങ്ങൾ, തർക്കങ്ങളിലുള്ള ഒത്തുതീർപ്പ് എന്നിവ വിശദമായി പ്രതിപാദിക്കുന്നതാണ് കരാർ.

യൂറോപ്യൻ യൂണിയനിലെ 27 അംഗങ്ങളും ദിവസങ്ങൾക്കുള്ളിൽ വ്യപാരക്കരാറിന് അനുമതി നൽകും. കരാറിന്റെ മധ്യസ്ഥചർച്ചകളുടെ ഭാഗമായിരുന്ന മിശേൽ ബാർനിയറാണ് രാജ്യങ്ങൾക്ക് കരാർ വിശദമാക്കിനൽകിയത്.

എല്ലാവർക്കും പ്രയോജനം ചെയ്യുന്നതാണ് കരാറിലെ വ്യവസ്ഥകൾ. യൂറോപ്പിലും ബ്രിട്ടനിലുമുള്ള ദശലക്ഷക്കണക്കിനാളുകൾക്ക് സ്വതന്ത്രവ്യാപാരത്തിനുള്ള വ്യവസ്ഥകളും കരാർ സംരക്ഷിക്കുന്നു. ചർച്ചകളിൽ ആവശ്യമായ വിട്ടുവീഴ്ചകൾ നടത്തിയിട്ടുണ്ടെങ്കിലും രാജ്യ താത്പര്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിൽനിന്ന് അണുവിട വ്യതിചലിച്ചിട്ടില്ലെന്നും ജോൺസൺ വ്യക്തമാക്കി. അതേസമയം, സാമ്പത്തികമായി തകർന്നുനിൽക്കുന്ന പ്രദേശങ്ങൾക്ക് ഉണർവും നിക്ഷേപങ്ങളും കരാർ കൊണ്ടുവരുമെന്ന് മുതിർന്ന മന്ത്രി മൈക്കൽ ഗോവ് അഭിപ്രായപ്പെട്ടു. യൂണിയനുമായുള്ള ബന്ധം ഡിസംബർ 31ന് അവസാനിക്കാനിരിക്കെയാണ് സ്വതന്ത്രവ്യാപാരക്കരാറിന് ഇരുകക്ഷികളും ധാരണയിലെത്തിയത്.