india-cricket

മെൽബൺ ടെസ്റ്റിൽ അജിങ്ക്യ രഹാനെയ്ക്ക് സെഞ്ച്വറി, ഇന്ത്യയ്ക്ക് ലീഡ്

മെൽബൺ : കൃത്യസമയങ്ങളിൽ ബൗളർമാരെ ഉപയോഗിച്ചും വ്യത്യസ്തമായ ഫീൽഡ് സെറ്റിംഗുകൾ നടത്തിയും നായകശേഷി പ്രകടിപ്പിച്ച ആദ്യ ദിനം. നായകന്റെ ഉത്തരവാദിത്വമേറ്റെടുത്തുകൊണ്ടുള്ള സെഞ്ച്വറിയുമായി രണ്ടാം ദിനം. ആസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ടെസ്റ്റ് രണ്ടുദിനംപിന്നിട്ടപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വീരപുരുഷനായി മാറിയിരിക്കുകയാണ് അജിങ്ക്യ രഹാനെ.

വിരാട് കൊഹ്‌ലിയുടെ അഭാവത്തിൽ പതറിനിന്ന ഇന്ത്യയെ മെൽബണിൽ ഒന്നാം ഇന്നിംഗ്സിലെ 82 റൺസ്‌ലീഡുമായി ഡ്രൈവിംഗ് സീറ്റിലെത്തിച്ചിരിക്കുകയാണ് താത്കാലിക നായകനായ രഹാനെയുടെ അപരാജിത സെഞ്ച്വറി(104*). ഓസീസിനെ ആദ്യ ഇന്നിംഗ്സിൽ 195 റൺസിന് പുറത്താക്കിയ ശേഷം മറുപടിക്കിറങ്ങി 277/5 എന്ന നിലയിലാണ് ഇന്ത്യ. അഡ്‌ലെയ്ഡിൽ സംഭവിച്ചപോലൊരു ദുരന്തം രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയെ വേട്ടയാടാനെത്തിയില്ലെങ്കിൽ മെൽബണിൽ രഹാനെയ്ക്കും കൂട്ടർക്കും വിജയസാദ്ധ്യതയുണ്ട്.

ഇന്നലെ 36/1 എന്ന സ്കോറിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനിറങ്ങിയ ഇന്ത്യയെ രഹാനെയും ശുഭ്മാൻ ഗില്ലും (45),ചേതേശ്വർ പുജാരയും (17),ഹനുമ വിഹാരിയും(21), റിഷഭ് പന്തും (29),രവീന്ദ്ര ജഡേജയും (40*) ചേർന്നുള്ള പോരാട്ടത്തിലൂടെയാണ് 277/5ലെത്തിച്ചത്. അരങ്ങേറ്റ ടെസ്റ്റിൽ അർദ്ധസെഞ്ച്വറിയിലേക്ക് നീങ്ങിയ ഗില്ലിനെയാണ് ഇന്നലെ രാവിലെ ഇന്ത്യയ്ക്ക് ആദ്യം നഷ്‌മായത്.65 പന്തുകളിൽ എട്ടുഫോറടക്കം 45 റൺസെടുത്ത ഗില്ലിനെ കമ്മിൻസിന്റെ പന്തിൽ ടിം പെയ്ൻ പിടികൂടുകയായിരുന്നു. രണ്ടോവറിനുശേഷം പുജാരയും കൂടാരം കയറിയെങ്കിലും ഒരറ്റത്ത് നങ്കൂരമിട്ടുനിന്ന രഹാനെയും അദ്ദേഹത്തിന് പിന്തുണ നൽകിയ വിഹാരിയും പന്തും ജഡേജയും ചേർന്ന് ഇന്ത്യയെ ലീഡിലേക്ക് നയിച്ചു. നാലാം വിക്കറ്റിൽ വിഹാരിക്കൊപ്പം 52 റൺസും അഞ്ചാം വിക്കറ്റിൽ പന്തിനൊപ്പം 57 റൺസും രഹാനെ കൂട്ടിച്ചേർത്തു.

ആറാം വിക്കറ്റിൽ ജഡേജയ്ക്കൊപ്പം 104 റൺസാണ് രഹാനെ ഇതുവരെ നേടിയിരിക്കുന്നത്. 200 പന്തുകൾ നേരിട്ട ഇന്ത്യൻ നായകൻ 12 ബൗണ്ടറികൾ പായിച്ചു.ഷോട്ട് സെലക്ഷനിലും ടൈമിംഗിലും മികവുകാട്ടിയ രഹാനെ ക്ഷമാപൂർവമായ സ്വതസിദ്ധശൈലിയിലൂടെയാണ് ഓസീസ് ബൗളിംഗ് നിരയെ നേരിട്ടത്. വ്യക്തിഗത സ്കോർ 73ൽ നിൽക്കേ സ്റ്റീവൻ സ്മിത്ത് ഒരു ക്യാച്ച് കൈവിട്ടത് രഹാനെയ്ക്ക് ആശ്വാസമായിരുന്നു.നേരിട്ട 195-ാമത്തെ പന്തിൽ കമ്മിൻസിനെ ബൗണ്ടറിയിലേക്ക് പായിച്ചാണ് രഹാനെ സെഞ്ച്വറി തികച്ചത്.

12

ടെസ്റ്റ് ക്രിക്കറ്റിൽ രഹാനെയുടെ 12-ാം സെഞ്ച്വറിയാണിത്. മെൽബണിലെ ബോക്സിംഗ് ഡേ ടെസ്റ്റുകളിൽ സെഞ്ച്വറി നേടുന്നത് രണ്ടാം തവണയും. 2014 ലെ ആസ്ട്രേലിയൻ പര്യടനത്തിൽ ഇതേ വേദിയിൽ രഹാനെ 147 റൺസ് നേടിയിരുന്നു.ഈ രണ്ട് സെഞ്ച്വറികളാണ് ഓസീസിൽ രഹാനെ നേടിയിട്ടുള്ളത്.

ടെസ്റ്റിൽ സെഞ്ച്വറിയടിക്കുന്ന12-ാമത്തെ ഇന്ത്യൻ ക്യാപ്ടനാണ് രഹാനെ.


മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻടെൻഡുൽക്കർ,സൗരവ് ഗാംഗുലി, വിരാട് കൊഹ്‌ലി എന്നിവർ ഇന്ത്യൻ ക്യാപ്ടന്റെ കുപ്പായമണിഞ്ഞ് ആസ്ട്രേലിയയിൽ സെഞ്ച്വറി നേടിയിട്ടുണ്ട്.

2

ആസ്ട്രേലിയൻ മണ്ണിൽ ക്യാപ്ടനായി ഇറങ്ങിയ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരവും രഹാനെയാണ്. വിരാട് കൊഹ്‌ലി(2014)ആദ്യത്തെയാൾ.

മെൽബണിൽ രണ്ട് സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം.

മെൽബണിൽ ക്യാപ്ടനായി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരവുമാണ് രഹാനെ. സച്ചിനാണ് (1999) ആദ്യത്തെയാൾ.

8

ഇന്നിംഗ്സുകൾക്ക് ശേഷമാണ് രഹാനെ സെഞ്ച്വറി നേടുന്നത്. 2019ൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ റാഞ്ചിയിലായിരുന്നു ഇതിനുമുമ്പുള്ള സെഞ്ച്വറി.

മെൽബണിൽ രണ്ട് സെഞ്ച്വറികൾ നേടുന്ന എട്ടാമത്തെ താരം.

പെയ്‌ൻ @150

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 പുറത്താക്കലുകളിൽ പങ്കാളിയാകുന്ന വിക്കറ്റ് കീപ്പറെന്ന റെക്കാഡ്സ്വന്തമാക്കി ഓസീസ് ക്യാപ്ടൻ ടിം പെയ്ൻ.ഇന്നലെ മൂന്ന് ക്യാച്ചുകളെടുത്ത പെയ്ൻ 33 ടെസ്റ്റുമത്സരങ്ങളിൽ നിന്നാണ് 150 ഇരകളെ തികച്ചത്.ക്വിന്റൺ ഡി കോക്കിന്റെ പേരിലുണ്ടായിരുന്ന 34 മത്സരങ്ങളുടെ റെക്കാഡാണ് പെയ്ൻ തകർത്തത്.

സ്റ്റാർക്ക് @250

ആസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് ടെസ്റ്റിൽ 250 വിക്കറ്റുകൾ തികച്ചു. റിഷഭ് പന്തിനെ പെയ്നിന്റെ കൈയിലെത്തിച്ചാണ് സ്റ്റാർക്ക് ഈ നാഴികക്കല്ലിലെത്തിയത്.ഈ നേട്ടം കരസ്ഥമാക്കുന്ന വേഗമേറിയ അഞ്ചാമത്തെ ആസ്ട്രേലിയൻ ബൗളറാണ് സ്റ്റാർക്ക്.തന്റെ 59-ാം മത്സരത്തിലാണ് സ്റ്റാർക്കിന്റെ നേട്ടം .രണ്ട് വിക്കറ്റുകളാണ് രണ്ടാം ടെസ്റ്റിൽ ഇതുവരെ സ്റ്റാർക്ക് നേടിക്കഴിഞ്ഞത്.

ടെസ്റ്റ് ക്രിക്കറ്റ് അതിന്റെ സൗന്ദര്യം മൂർത്തഭാവത്തിൽ പ്രകടമായ ദിവസം. രഹാനെയുടെ പൂർണാധിപത്യം കണ്ട ഇന്നിംഗ്സ്. അഭിനന്ദനങ്ങൾ രഹാനെ

- വിരാട് കൊഹ്‌ലി