modi

ന്യൂഡൽഹി:രാജ്യത്തിന്റെ നന്മയ്‌ക്കായി ഇനി മുതൽ വിദേശ ഉൽപ്പന്നങ്ങൾക്ക് പകരം ഇന്ത്യൻ ഉൽപ്പന്നങ്ങൾ മാത്രമേ ഉപയോഗിക്കൂ എന്ന് പുതുവത്സരപ്രതിജ്ഞ എടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ ആഹ്വാനം ചെയ്‌തു.

ഈ വർഷത്തെ അവസാന മൻ കീ ബാത്ത് പരിപാടിയിൽസംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദമായ കാർഷിക വിഷയത്തെ പറ്റി പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല.

നമ്മൾ ദിവസവും ഉപയോഗിക്കുന്ന സാധനങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കണം. അവയിൽ വിദേശ വസ്‌തുക്കൾ ഏതെല്ലാമാണെന്ന് പരിശോധിക്കണം. അവ നാം അറിയാതെ നമ്മുടെ ജീവിതത്തിൽ നുഴഞ്ഞുകയറി നമ്മെ ബന്ധനത്തിലാക്കിയവയാണെന്ന് തിരിച്ചറിയണം. അവയ്‌ക്ക് ബദലായുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങൾ കണ്ടെത്തണം. ഇന്ത്യയിലെ ജനങ്ങൾ കഠിനാദ്ധ്വാനം ചെയ്‌ത്,​ വിയർപ്പൊഴുക്കി നിർമ്മിച്ച ആ ഉൽപ്പന്നങ്ങളേ ഇനി ഉപയോഗിക്കൂ എന്ന് ഈ പുതുവർഷത്തിൽ നാം പ്രതിജ്ഞ എടുക്കണം. ഇത്തവണത്തെ പുതുവർഷ പ്രതിജ്ഞ രാജ്യത്തിന് വേണ്ടിയാകട്ടെ. ആത്മനിർഭർ ഭാരത് എന്ന ആശയം രാജ്യം പൂർണമായും സ്വീകരിച്ചു. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ഇന്ത്യയിൽ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ലോകനിലവാരം ഉണ്ടാകണമെന്ന് ഉൽപ്പാദകരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൽ നിന്ന് രാജ്യത്തെ മുക്തമാക്കുക എന്നത് മറ്റൊരു പുതുവർഷ പ്രതിജ്ഞയാകണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാരണം 2020ൽ വലിയ പ്രതിസന്ധികളാണ് ഉണ്ടായത്. അവയെല്ലാം രാജ്യത്തിന് പാഠങ്ങളായിരുന്നു. കൊവിഡിനെ മറികടക്കാൻ നടപ്പാക്കിയ ജനത കർഫ്യൂ ലോകം അംഗീകരിച്ചു. 2021 ൽ ആരോഗ്യ മേഖലയ്‌ക്ക് പ്രാധാന്യം നൽകും.

ഇന്ത്യയിലെ യുവാക്കളെ നോക്കുമ്പോൾ എനിക്ക് സന്തോഷവും ആശ്വാസവും തോന്നുന്നു. എന്റെ രാജ്യത്തെ യുവാക്കൾക്ക് എന്തും ചെയ്യാൻ കഴിയുമെന്ന സമീപനമാണുള്ളത്. ഒരു വെല്ലുവിളിയും അവർക്ക് വളരെ വലുതല്ല. ഒന്നും അവരുടെ പരിധിക്കപ്പുറമല്ല.

വന്യജീവി സംരക്ഷണത്തിൽ ഇന്ത്യ മുന്നിലെത്തി. രാജ്യത്ത് കടുവയുടെയും പുള്ളിപുലിയുടെയും എണ്ണം വർദ്ധിച്ചു. സഹജീവികളോട് മാത്രമല്ല സകല ചരാചരങ്ങളോടും കരുണ കാണിക്കണം. ഗുരു തേജ് ബഹദൂറിന് ആദരാഞ്ജലി അർപ്പിച്ച പ്രധാനമന്ത്രി,​ ഡൽഹിയിലെ സിക്ക് ഗുരുദ്വാര സന്ദർശിച്ചത് പരാമർശിച്ചു.

പാത്രം കൊട്ടി ബഹിഷ്‌കരിച്ച് കർഷകർ

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കീ ബാത്ത്' പാത്രം കൊട്ടി ബഹിഷ്‌കരിച്ച് കർഷകർ. റേഡിയോയിലൂടെ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യവേ, ഡൽഹിയിലെ അതിർത്തിയിൽ പ്രക്ഷോഭത്തിൽ പ​ങ്കെടുക്കുന്ന കർഷകർ ഉച്ചത്തിൽ പാത്രം കൊട്ടിയും മുദ്രാവാക്യം വിളിച്ചുമാണ്​ പ്രതിഷേധിച്ചത്.

പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിനിടെ 'താലി ബജാവോ' (പാത്രം കൊട്ടൽ) പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് സ്വരാജ് ഇന്ത്യ ചീഫ്‌ യോഗേന്ദ്ര യാദവ് അറിയിച്ചത്. ''പ്രധാനമന്ത്രി മൻ കി ബാത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ ഇതെല്ലാംകേട്ടു മടുത്തുവെന്നാണ് കർഷകർ പറയുന്നത്. ഞങ്ങളുടെ മനസിലെ കാര്യങ്ങൾ നിങ്ങൾ എപ്പോഴാണ്‌ കേൾക്കുക മോദിജീ? അതുകൊണ്ട് പ്രധാനമന്ത്രിയുടെ സംസാരം ഞങ്ങളിലേക്കെത്താതിരിക്കാനായി ഞങ്ങൾ പാത്രം കൊട്ടി ശബ്ദം ഉണ്ടാക്കും '' എന്നായിരുന്നു വിശദീകരണം. കൊവിഡ്‌ പോരാട്ടത്തിന് മുൻനിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരം അർപ്പിക്കാൻ 'പാത്രം കൊട്ടണം' എന്ന ആശയം ആദ്യം കൊണ്ടു വന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയായിരുന്നു.

അതേസമയം, വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം ഇന്ന് 33ാം ദിവസത്തിലേക്ക് കടന്നു.ഹരിയാനയിൽ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചു ചേർക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. മനോഹർ ലാൽ ഖട്ടർ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരുമെന്നും പ്രതിപക്ഷ നേതാവ് ഭൂപിന്ദർ സിംഗ് ഹൂഡ പറഞ്ഞു.