
കൊച്ചി: പുതുവർഷത്തിൽ പുത്തൻ കാർ എന്ന സ്വപ്‌നം കാണുന്നവർക്ക് ഇക്കുറി കാര്യങ്ങൾ അല്പം കഠിനമായിരിക്കും. ഉത്‌പാദനച്ചെലവ് കൂടിയത് ചൂണ്ടിക്കാട്ടി ഒട്ടുമിക്ക വാഹന നിർമ്മാതാക്കളും ജനുവരി ഒന്നുമുതൽ വില വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.
വർഷാന്ത്യത്തിലോ പുതുവർഷത്തിന്റെ തുടക്കത്തിലോ വാഹനങ്ങൾക്ക് വില കൂട്ടുകയെന്നത് 2005 മുതൽ കാണുന്നതാണ്. അസംസ്കൃത വസ്‌തുക്കളുടെ വില വർദ്ധന, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മൂലം ഇറക്കുമതിച്ചെലവിലുണ്ടായ അധിക ബാദ്ധ്യത ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് വാഹന നിർമ്മാണക്കമ്പനികൾ പുതിയ വില പ്രഖ്യാപിക്കുന്നത്. ബി.എസ്-6ലേക്കുള്ള ചുവടുമാറ്റവും ഉത്‌പാദനച്ചെലവ് ഉയരാൻ കാരണമായിട്ടുണ്ടെന്ന് കമ്പനികൾ പറയുന്നു.
മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഫോഡ് ഇന്ത്യ, ബി.എം.ഡബ്ള്യു, ഔഡി, കിയ, എം.ജി., ഇസുസു, ഹോണ്ട, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്പ്, റെനോ, നിസാൻ എന്നിവയാണ് ഇതിനകം വില വർദ്ധന പ്രഖ്യാപിച്ച കമ്പനികൾ.
വിലവർദ്ധന ആദ്യം പ്രഖ്യാപിച്ച കമ്പനികളിലൊന്ന്, ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയാണ്. മാരുതിയുടെ എല്ലാ മോഡലുകൾക്കും പുതുവർഷം മുതൽ പുതിയ വിലയാണ്. എന്നാൽ, എത്ര തുകയാണ് കൂട്ടുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. അതത് മോഡലുകൾക്ക് അനുസരിച്ചുള്ള, ആനുപാതിക വില വർദ്ധന ഉണ്ടാകുമെന്ന് മാത്രമാണ് കമ്പനി പറഞ്ഞത്.
രാജ്യത്തെ രണ്ടാമത്തെ വലിയ കാർ നിർമ്മാണ കമ്പനിയായ ഹ്യുണ്ടായിയും എത്രവീതം വില ഉയരുമെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, എല്ലാ മോഡലുകൾക്കും ജനുവരി മുതൽ വില കൂടും. ടാറ്റാ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങൾക്ക് മാത്രമാണ് വില വർദ്ധിപ്പിക്കുന്നത്. വേരിയന്റ്, എൻജിൻ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും ഓരോ മോഡലിനും വില വർദ്ധന.
മഹീന്ദ്രയുടെ ട്രാക്‌ടർ, വാണിജ്യ വാഹനങ്ങൾ, പാസഞ്ചർ വാഹനങ്ങൾ (കാറുകൾ) എന്നിവയ്ക്കെല്ലാം വില ഉയരും. മഹീന്ദ്രയും വില വർദ്ധനയുടെ ആഴം പിന്നീടേ വ്യക്തമാക്കൂ. കോംപാക്‌റ്റ് സെഡാനായ അമേസ് മുതൽ പ്രീമിയം എസ്.യു.വിയായ സി.ആർ-വി വരെയുള്ള ഹോണ്ടയുടെ ശ്രേണികൾക്കും വില വർദ്ധനയുണ്ടാകും.
28,000 രൂപവരെ വർദ്ധനയാണ് റെനോ പ്രഖ്യാപിച്ചത്. ക്വിഡ്, ഡസ്‌റ്റർ, ട്രൈബർ എന്നിവയാണ് റെനോയുടെ പ്രമുഖ മോഡലുകൾ.
എം.ജിയുടെ മോഡലുകൾക്ക് മൂന്നു ശതമാനം വരെയും ഇസുസു മോഡലുകൾക്ക് 10,000 വരെയും വില ഉയരും. ആഡംബര ബ്രാൻഡുകളായ ബി.എം.ഡബ്ള്യു, ഉപ കമ്പനി മിനി എന്നിവയുടെ മോഡലുകൾക്ക് രണ്ടു ശതമാനം വരെ വില കൂടും. ഔഡിയും വില കൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട്.
ഫോഡ് നേരത്തേ തന്നെ എക്കോസ്‌പോർട്ടിന് 1,500 രൂപ ഉയർത്തിയിരുന്നു. കിയയുടെ സോണറ്റ്, സെൽറ്റോസ് എന്നിവയ്ക്ക് വില കൂടും. കാർണിവലിന്റെ വിലയിൽ മാറ്റം പ്രതീക്ഷിക്കുന്നില്ല. ടൂവീലർ ശ്രേണിയിൽ ബജാജിന്റെ പൾസർ, പ്ളാറ്റിന എന്നിവയ്ക്ക് ഇപ്പോൾത്തന്നെ പുതിയ വിലയാണ്; ഉപ ബ്രാൻഡായ കെ.ടി.എമ്മിന്റെ മോഡലുകൾക്കും വില ഉയരും. 1,500 രൂപവരെ വില വർദ്ധനയാണ് ഹീറോ മോട്ടോകോർപ്പ് പ്രഖ്യാപിച്ചത്.