
പത്തനംതിട്ട: യുവാക്കളെ നേതൃസ്ഥാനങ്ങളിലേക്ക് ഉയർത്തുന്ന ഇടതുപക്ഷത്തിന്റെ മികച്ച മാതൃകയ്ക്ക് മറ്റൊരു ഉദ്ദാഹരണം കൂടി. കോന്നി അരുവാപ്പുലം പഞ്ചായത്ത് പതിനൊന്നാം വാർഡിലെ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച് അട്ടിമറി വിജയം നേടിയ രേഷ്‌മ മറിയം റോയിയെ തേടി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമാണ് എത്തിയിരിക്കുന്നത്.
യുഡിഎഫിൽ നിന്നും ഇത്തവണ പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത ഇടതുപക്ഷ മുന്നണി രേഷ്‌മയെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി മാറിയിരിക്കുകയാണ് ഈ 21കാരി.
തന്റെ തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി രേഷ്മ 21 വയസ് തികയാനായി കാത്തിരുന്നത് വാർത്തയായിരുന്നു. നവംബർ പതിനെട്ടാം തീയതിയാണ് രേഷ്‌മയ്‌ക്ക് 21 വയസ് തികഞ്ഞത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിനു തൊട്ടുമുൻപായിരുന്നു ഇത്.
ശേഷം തനിക്ക് 21 വയസായ ഉടനെ തന്നെ രേഷ്മ നാമനിർദ്ദേശ പത്രിക നൽകുകയായിരുന്നു. ബിബിഎബിരുദധാരിയായ രേഷ്‌മ ഇടത് വിദ്യാർത്ഥി സംഘടനയായ എസ്‌എഫ്ഐയുടെ സജീവ പ്രവർത്തകയായിരുന്നു.
പ്രളയ സമയത്തും കൊവിഡ് മഹാമാരിയുടെ സമയത്തും നാട്ടിൽ സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യവുമായിരുന്നു ഈ പെൺകുട്ടി. നിലവിൽ എസ്‌എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്.