golaghat-mla-ajanta-neog

ഗുവാഹത്തി: അസാം മുൻ മന്ത്രിയും കോൺഗ്രസ് എം.എൽ.എയുമായ അജന്ത നിയോഗ് ബി.ജെ.പിയിലേക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അസാം സന്ദർശന വേളയിൽ അജന്തയുമായി കൂടിക്കാഴ്ച നടത്തി. ശേഷം അടുത്ത ദിവസം ബി.ജെ.പിയിൽ ചേരുമെന്ന് അജന്ത അറിയിച്ചു.

ഗോലാഘട്ട് മണ്ഡലത്തിൽ നിന്ന് നാലുതവണ കോൺഗ്രസ് ടിക്കറ്റിൽ എം.എൽ.എ ആകുകയും മന്ത്രിയാകുകയും ചെയ്തിരുന്നു അജന്ത.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. മാസങ്ങൾക്ക് മുമ്പ് അജന്ത അസാം മുഖ്യമന്ത്രി സർബാനന്ദ സോനോവാളുമായും നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യം കൺവീനർ ഹിമാന്ത ബിശ്വ ശർമയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസാമിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേരുമെന്നാണ് വിവരം. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി അമിത് ഷാ ശനിയാഴ്ച അസാമിൽ എത്തിയിരുന്നു.