
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി കടന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 4 ലക്ഷം കേസാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. അതേ സമയം കൊവിഡ് മഹാമാരി ലോകത്തിലെ അവസാനത്തേതല്ലെന്ന് ലോകാരോഗ്യസംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഇനിയുള്ള കാലം മനുഷ്യൻ കാലാവസ്ഥ വ്യതിയാനത്തിനെതിരെയും
മൃഗസംരക്ഷണത്തിനും വേണ്ടിയും പ്രവർത്തിച്ചില്ലെങ്കിൽ മനുഷ്യന്റെ വിധി വീണ്ടും നാശത്തിലേക്കാകുമെന്ന് അദ്ദേഹം പറഞ്ഞു.
പകർച്ചവ്യാധി പ്രതിരോധ- മുന്നൊരുക്ക നടപടികൾക്കായുള്ള ആദ്യ രാജ്യാന്തര ദിനാചരണത്തിന്റെ ഭാഗമായി വീഡിയോ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയുംകാലം പല പ്രശ്നങ്ങൾ വരുമ്പോഴും ലോകം ഭയക്കുകയും പിന്നീട് ആ പ്രശ്നത്തിനെ അവഗണിക്കുകയുമാണ് പതിവ്. തുടക്കത്തിൽ വൻതോതിൽ പണം ചെലവഴിക്കും. രോഗം മാറുമ്പോൾ അതിനെക്കുറിച്ച് എല്ലാവരും മറക്കും. അടുത്ത മഹാമാരി തടയാൻ യാതൊരു ശ്രദ്ധയും കാണിക്കുകയുമില്ല. കൊവിഡിൽനിന്നു നാം പാഠങ്ങൾ ഉൾക്കൊള്ളേണ്ട സമയമാണിതെന്നും ടെഡ്രോസ് പറഞ്ഞു. ഏതുതരത്തിലുള്ള പ്രതിസന്ധി വന്നാലും അതിനെ തിരിച്ചറിയാനും അടിയന്തരമായി ഇടപെടാനും തടയാനുമുള്ള സംവിധാനം എല്ലാ രാജ്യങ്ങളും ഇനിയെങ്കിലും ഒരുക്കണമെന്നും ടെഡ്രോസ് കൂട്ടിച്ചേർത്തു. പകർച്ചവ്യാധികളെ കൃത്യമായി കണ്ടെത്തി പ്രതിരോധിക്കാനുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യുഎന്നിന്റെ നേതൃത്വത്തിൽ രാജ്യാന്തര പകർച്ചവ്യാധി പ്രതിരോധമുന്നൊരുക്ക ദിനം ആചരിക്കുന്നത്. അതേസമയം ബ്രിട്ടീഷ് മരുന്നുകമ്പനിയായ ആസ്ട്രസെനക്ക വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്‌സിന്‍ കൊവിഡ് 19 നെതിരെ നൂറുശതമാനം ഫലപ്രദമാണെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പാസ്‌കൽ സോറിയറ്റ് പറഞ്ഞു. വാക്‌സിന് വിജയ ഫോർമുല ഉളളതായും അദ്ദേഹം അവകാശപ്പെടുന്നു. ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇദ്ദേഹം കാര്യം വ്യക്തമാക്കിയത്. നിലവിൽ ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 8.10 കോടി കടന്നു. 17.70ലക്ഷം മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 5.78 കോടി പേർ രോഗ മുക്തരായെന്നും റിപ്പോർട്ടുകൾ പറയുന്നു.
 സ്പെയിനിൽ ആദ്യ കുത്തിവയ്പ് നടന്നു
സ്പെയിനിൽ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. ആദ്യമായി കുത്തിവയ്പ്പെടുത്തത് 96 വയസുള്ള അരാസെലി റൊസാരിയോ ഹിഡാൽഗോ സാഞ്ചസ് ആണ്. സെൻട്രൽ സ്പെയിനിലെ ഒരുകെയർ ഹോമിലെ അംഗമായ ഇവർ രാജ്യത്ത് ആദ്യമായി കൊവിഡ് വാക്സിൻ സ്വീകരിച്ച ആദ്യത്തെ വ്യക്തിയായി. ഫൈസർ-ബയോടെക് വാക്സിൻ ലഭിച്ച രണ്ടാമത്തെ സ്പെയിനാർഡായി കെയർ മോണിക്ക ടാപിയാസ്. രാജ്യത്തെ വാക്സിൻ കുത്തിവയ്പ്പിനുള്ള പ്രചാരണത്തിന് ലോസ് ഓൾമോസ് കെയർ ഹോം തിരഞ്ഞെടുക്കുകയായിരുന്നു. രാജ്യത്തെ ഫൈസർ വാക്സിൻ സംഭരണ കേന്ദ്രത്തിന് സമീപത്താണ് ഈ കെയർ ഹോം സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ അഗങ്ങൾക്കോ ജീവനക്കാർക്കൊ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.