majid

 ഇന്ത്യയിൽ ഭീകരാക്രമണത്തിന് പാകിസ്ഥാനിൽ നിന്ന് ആയുധങ്ങൾ കടത്തി

അഹമ്മദാബാദ്:കാൽ നൂറ്റാണ്ട് മുമ്പ് ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ പാകിസ്ഥാനിൽ നിന്ന് ആയുധങ്ങൾ കടത്തിയ കേസിൽ മലയാളിയും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയുമായ അബ്ദുൾ മജീദ് കുട്ടി എന്ന മുഹമ്മദ് കമാൽ ( 58 )​ ജാർഖണ്ഡിൽ അറസ്റ്റിലായി.

പാക് ചാര ഏജൻസിയായ ഐ. എസ്. ഐയുടെയും ദാവൂദിന്റെയും നിർദ്ദേശ പ്രകാരം 1997ലെ റിപ്പബ്ളിക് ദിനത്തിൽ മഹാരാഷ്ട്രയിലും ഗുജറാത്തിലും ഭീകരാക്രമണങ്ങൾ നടത്താനാണ് ഇയാൾ ആയുധങ്ങൾ കടത്തിയത്. രാജസ്ഥാൻ അതിർത്തി ജില്ലയായ ബാർമീർ വഴി 125 ഓട്ടോമാറ്റിക് പിസ്റ്റലുകളും 750 തിരകളും പത്ത് ഡിറ്റണേറ്ററുകളും നാല് കിലോ ആർ. ഡി. എക്‌സുമാണ് കടത്തിയത്. ഇതിൽ 115 പിസ്റ്റലുകൾ പാക് നിർമ്മിതവും 15എണ്ണം ചൈനീസ് നിർമ്മിതവും ആയിരുന്നു. 1996 ഡിസംബർ 23ന് ഈ ആയുധങ്ങൾ വാഹനത്തിൽ കടത്തിയ രാജസ്ഥാനിലെ അജ്മീർ സ്വദേശി മുഹമ്മദ് ഫസലിനെ പൊലീസ് അറസ്റ്റ് ചെയതതോടെയാണ് ഭീകരാക്രമണ പദ്ധതി പൊളിഞ്ഞത്. ദാവൂദിന്റെ മറ്റൊരു കൂട്ടാളിയായിരുന്ന അബുസലേമും ഗൂഢാലോചനയിൽ പങ്കാളിയായിരുന്നു.

കേസിലെ മറ്റ് ചില പ്രതികളും അറസ്റ്റിലായതോടെ മുങ്ങിയ അബ്ദുൾ മജീദ് കുട്ടി 24 വർഷമായി ജാ‌ർഖണ്ഡിൽ ഒളിവിൽ കഴിയുകയായിരുന്നു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഗുജറാത്ത് ഭീകര വിരുദ്ധ സേന ജാർഖണ്ഡിലെ ജാംഷെഡ്പൂരിൽ എത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.