india-gdp

കൊച്ചി: മനുഷ്യജീവിതത്തെ അപ്പാടെ മാറ്റിമറിച്ച 2020 വിടപറയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഇതുപോലൊരു വർഷം ഇനിയുണ്ടാവരുതെന്ന് ഏവരും പ്രാർത്ഥിക്കുന്നുണ്ടാവും! കൊവിഡിനും മുമ്പും ശേഷവും എന്ന നിലയിലേക്ക് ലോകവും മനുഷ്യന്റെ ചര്യകളും മാറിക്കഴിഞ്ഞു.

ഇന്ത്യൻ സമ്പദ്‌രംഗത്തും കൊവിഡ് വരുത്തിയത് വൻ ചലനങ്ങളാണ്. ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌ശക്തിയെന്ന പട്ടം ഇന്ത്യയ്ക്ക് നഷ്‌ടപ്പെട്ടത് ഈ വർഷമാണ്. വലിയ സമ്പദ്‌ശക്തികളിൽ ഏറ്റവും മോശം വളർച്ച കൈവരിച്ച രാജ്യവുമായി കൊവിഡ് കാലത്ത് ഇന്ത്യ. എങ്കിലും കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ പാക്കേജ്, കൊവിഡിനെതിരായ വാക്‌സിൻ സജ്ജമായെന്ന വാർത്തകൾ എന്നിവയുടെ പിൻബലത്തിൽ ഇന്ത്യ കരകയറുകയാണ്.

2021-22ഓടെ ഇന്ത്യ അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന പട്ടം തിരിച്ചുപിടിക്കുമെന്ന് പ്രമുഖ ഏജസികളും ധനകാര്യ സ്ഥാപനങ്ങളും വിലയിരുത്തിയിട്ടുണ്ട്. 2030ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌ശക്തിയാകുമെന്ന റിപ്പോർട്ടുകളും വന്നുകഴിഞ്ഞു.

-23.9%

ചരിത്രത്തിലെ ഏറ്റവും മോശം നിരക്കിലേക്ക് ഇന്ത്യയുടെ ജി.ഡി.പി വളർച്ച തകർന്നടിഞ്ഞ വർഷമാണ് കടന്നുപോകുന്നത്. 2020 ഏപ്രിൽ-ജൂണിൽ ജി.ഡി.പി വളർച്ച പൂജ്യത്തിനും താഴെ 23.9 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ലോക്ക്ഡൗണിൽ സമ്പദ്‌വ്യവസ്ഥ പൂർണമായും സ്തംഭിച്ചതാണ് തിരിച്ചടിയായത്. ജൂലായ്-സെപ്‌തംബ‌ർ പാദത്തിൽ വളർച്ചാനിരക്ക് നെഗറ്റീവ് 7.5 ശതമാനത്തിലെത്തി.

കിതച്ച്

കാർ വിപണി

കൊവിഡിനെ നിയന്ത്രിക്കാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതുമൂലം ഈവർഷം ഏപ്രിലിൽ ഇന്ത്യയിൽ ഒരു പുതിയ വാഹനം പോലും വിറ്റഴിഞ്ഞില്ല. ചരിത്രത്തിൽ ആദ്യമായാണ് വില്പന പൂജ്യം ആയത്. പിന്നീട്, ഇളവുകൾ വന്നെങ്കിലും കഴിഞ്ഞവർഷത്തേതിന്റെ അടുത്തെങ്ങും എത്തിയില്ല. തുടർന്ന്, ഉത്സവകാലത്തിന്റെ പിൻബലത്തിൽ ഒക്‌ടോബർ-നവംബറിലാണ് വില്പന നേട്ടത്തിന്റെ ട്രാക്കിലേറിയത്.

കുറയുന്ന പലിശ

കൊവിഡ് കാലത്ത് ബാങ്ക് വായ്‌പകളുടെ പലിശ കുറഞ്ഞതും വായ്‌പകൾക്ക് റിസർവ് ബാങ്ക് മോറട്ടോറിയം പ്രഖ്യാപിച്ചതും സുപ്രീം കോടതി ഇടപെട്ട് മോറട്ടോറിയം കാലത്തെ കൂട്ടുപലിശ ഒഴിവാക്കിയതും ഒട്ടേറെ പേർക്കും സ്ഥാപനങ്ങളും ആശ്വാസമായി. കൊവിഡിന് മുമ്പ് റിപ്പോനിരക്ക് 5.15 ശതമാനമായിരുന്നത് ഇപ്പോൾ നാലു ശതമാനമാണ്. ഭവന, വാഹന, വ്യക്തിഗത വായ്‌പകളുടെ പലിശഭാരം ഇക്കാലത്ത് കുറഞ്ഞു.

കുതിക്കുന്ന

പൊന്നുവില

കൊവിഡ് കാലത്ത് ശുക്രനുദിച്ചത് സ്വർണത്തിനാണ്. 2020 ജനുവരി ഒന്നിന് പവൻ വില 29,000 രൂപയായിരുന്നു. ഗ്രാമിന് 3,625 രൂപയും. മറ്റു നിക്ഷേപ മാർഗങ്ങൾ തളർന്നതോടെ സ്വർണത്തിലേക്ക് കൊവിഡിൽ പണം വൻതോതിലൊഴുകി. ഇതോടെ, ആഗസ്‌റ്റിൽ പവൻ വില റെക്കാഡായ 42,000 രൂപയിലേക്ക് കുതിച്ചുകയറി; ഗ്രാം വില 5,250 രൂപയുമായി. 37,360 രൂപയാണ് ഇപ്പോൾ പവന്; ഗ്രാമിന് 4,670 രൂപ.

₹200 ലക്ഷം കോടി

നോട്ടമിട്ട് സെൻസെക്‌സ്

ചരിത്രത്തിലെ ഏറ്റവും ഉയരമായ 46,973ലാണ് സെൻസെക്‌സ് ഇപ്പോഴുള്ളത്. 2020 ജനുവരി ഒന്നിന് 155 ലക്ഷം കോടി രൂപയായിരുന്നു സെൻസെക്‌സിന്റെ മൂല്യം. ലോക്ക്ഡൗൺ പ്രഖ്യാപിച്ച മാർച്ചിൽ അത് 101 ലക്ഷം കോടി രൂപയിലേക്ക് കൂപ്പുകുത്തി. പിന്നീട് ഊർജം വീണ്ടെടുത്ത സെൻസെക്‌സിന്റെ മൂല്യം ഇപ്പോൾ 185 ലക്ഷം കോടി രൂപയാണ്. 2021ൽ ഇത് 200 ലക്ഷം കോടി രൂപയിൽ എത്തിയേക്കും.

കത്തുന്ന ഇന്ധനം

കേന്ദ്രം ഇന്ധന എക്‌സൈസ് നികുതി കുത്തനെ കൂട്ടിയ വർഷമാണ് കടന്നുപോകുന്നത്. ലോക്ക്ഡൗണിൽ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും നികുതി കൂട്ടി. പെട്രോളിന് 32.98 രൂപയും ഡീസലിന് 31.83 രൂപയുമാണ് ഇപ്പോൾ നികുതി. ഇവയുടെ വിപണിവിലയിൽ 69 ശതമാനവും നികുതിയാണ്.

ഞെട്ടിച്ച് ജിയോ

കൊവിഡ് കാലത്ത് ഏവരെയും അമ്പരിപ്പിച്ച് നിക്ഷേപം വൻതോതിൽ വാരിക്കൂട്ടുകയായിരുന്നു റിലയൻസ് ജിയോ. ഫേസ്ബുക്ക്, ഗൂഗിൾ, സിൽവർലേക്ക്, മുബദല, ഇന്റൽ, ആദിയ തുടങ്ങി ഒരു ഡസനോളം മുൻനിര കമ്പനികളിൽ നിന്നായി ഒരുലക്ഷം കോടിയിലേറെ നിക്ഷേപം ജിയിയിലേക്കെത്തി.