dhoni-kohli

ലണ്ടൻ∙ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ഈ ദശാബ്ദത്തിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി പ്രഖ്യാപിച്ച ഏകദിന, ട്വന്റി-20 ടീമുകളുടെ ക്യാപ്‌ടൻ സ്ഥാനത്ത് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. വിരാട് കൊഹ്‌ലിയാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്ടൻ. ധോണി തന്നെയാണ് ഏകദിന, ട്വന്റി-20ടീമുകളുടെ വിക്കറ്റ് കീപ്പറും.

മൂന്നു ടീമുകളിലുമായി അഞ്ച് ഇന്ത്യൻ താരങ്ങൾ പട്ടികയിൽ ഇടം പിടിച്ചു. മൂന്നു ടീമിലും കൊഹ‌്ലിയുണ്ട്. രോഹിത് ശർമയും ധോണിയും ഏകദിന, ട്വന്റി-20 ടീമുകളിലുണ്ട്. ജസ്പ്രീത് ബുംറ ട്വന്റി-20 ടീമിലും ആർ.ആശ്വിൻ ടെസ്റ്റ് ടീമിലും ഇടംപിടിച്ചു

ഡേവിഡ് വാർണർ (ആസ്ട്രേലിയ), എ.ബി ഡിവില്ലിയേഴ്സ് (ദക്ഷിണാഫ്രിക്ക), ഷാക്കിബ് അൽ ഹസൻ (ബംഗ്ലാദേശ്), ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്), മിച്ചൽ സ്റ്റാർക്ക് (ഓസ്ട്രേലിയ), ട്രെൻഡ് ബൗൾട്ട് (ന്യൂസിലാൻഡ്), ലസിത് മലിംഗ (ശ്രീലങ്ക) എന്നിവരാണ് ഏകദിന ടീമിലെ മറ്റു താരങ്ങൾ.

ക്രിസ് ഗെയ്‌ൽ, കെയ്റോൺ പൊള്ളാർഡ് (വെസ്റ്റിൻഡീസ്), ആരോൺ ഫിഞ്ച്, ഗ്ലെൻ മാക്സ്‌വെൽ (ആസ്ട്രേലിയ), ഡിവില്ലിയേഴ്സ് (ദക്ഷിണാഫ്രിക്ക), റഷീദ് ഖാൻ (അഫ്ഗാനിസ്ഥാൻ), മലിംഗ (ശ്രീലങ്ക) എന്നിവരാണ് ട്വന്റി20 ടീമിലെ മറ്റു താരങ്ങൾ.

അലിസ്റ്റർ കുക്ക്, ബെൻ സ്റ്റോക്സ്, സ്റ്റുവാർട്ട് ബോർഡ്, ജെയിംസ് ആൻഡേഴ്സൺ (ഇംഗ്ലണ്ട്), ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത് (ഓസ്ട്രേലിയ), കെയിൻ വില്യംസൺ (ന്യൂസീലൻഡ്), കുമാർ സംഗക്കാര (ശ്രീലങ്ക) എന്നിവർ ടെസ്റ്റ് ടീമിലും ഇടംനേടി.

പതിറ്റാണ്ടിലെ വനിതാ ക്രിക്കറ്റ് ടീമുകളേയും ഐ.സി.സി പ്രഖ്യാപിച്ചു. ഏകദിന ടീമിൽ മിതാലി രാജ്, ജുലാൻ ഗോസ്വാമി എന്നീ ഇന്ത്യൻ താരങ്ങൾ ഉൾപ്പെട്ടു. ട്വന്റി-20 ടീമിൽ ഹർമൻപ്രീത് കൗർ, പൂനം യാദവ് എന്നിവരുണ്ട്.15 ലക്ഷത്തിലധികം പേർ പങ്കെടുത്ത ഓൺലൈൻ വോട്ടിംഗിലൂടെയാണ് പതിറ്റാണ്ടിലെ മികച്ച ഇലവനുകളെ ഐ.സി.സി കണ്ടെത്തിയത്.