
ചേർത്തല: കണിച്ചുകുളങ്ങര യൂണിയനിലെയും മൈക്രോഫിനാൻസിലെയും കോടികൾ അപഹരിച്ച് സ്വത്തു സമ്പാദനം നടത്തി, സമുദായത്തിന് നഷ്ടമുണ്ടാക്കിയ തുക കെ.കെ.മഹേശന്റെ കുടുംബത്തിൽ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് മഹേശന്റെ വീട്ടുപടിക്കലും സ്ഥാപനങ്ങൾക്കു മുന്നിലും സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് യോഗം കൗൺസിലർ പി.എസ്.എൻ.ബാബു പറഞ്ഞു. യോഗത്തേയും യോഗ നേതൃത്വത്തേയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ ദേശീയപാതയിൽ കണിച്ചുകുളങ്ങര ജംഗ്ഷനിൽ നടത്തിയ പ്രാർത്ഥനായജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂണിയനും മൈക്രോഫിനാൻസ് യൂണിറ്റുകൾക്കും നഷ്ടപ്പെട്ട തുക അടിയന്തരമായി തിരിച്ചടയ്ക്കാൻ മഹേശന്റെ കുടുംബം തയ്യാറാകണം. മൈക്രോഫിനാൻസ് യൂണിറ്റുകൾക്ക് വായ്പയായി നൽകിയ 1.10 കോടിയോളം രൂപ യൂണിറ്റുകൾ തിരിച്ചടച്ചെങ്കിലും ഇത് ബാങ്കിലടയ്ക്കാതെ തിരിമറി നടത്തുകയാണ് ചെയ്തത്. സമാനമായി ചേർത്തല യൂണിയനിലും കണിച്ചുകുളങ്ങര ക്ഷേത്രത്തിലും ശ്രീകണ്ഠേശ്വരം സ്കൂളിലുമായി നടത്തിയ സാമ്പത്തിക തട്ടിപ്പും പിടിക്കപ്പെട്ടതാണ് മഹേശനെ ആത്മഹത്യയിലേക്ക് എത്തിച്ചത്. ആക്ഷൻ കൗൺസിൽ രൂപീകരിച്ച് യോഗ നേതൃത്വത്തിനെതിരെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് അപഹരിച്ച പണം തിരിച്ചടയ്ക്കാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇതിന് ജനപിന്തുണയില്ലെന്നും ആരോപണങ്ങൾ സമുദായം പുച്ഛിച്ചു തള്ളുമെന്നും പി.എസ്.എൻ.ബാബു പറഞ്ഞു.
യൂത്ത് മൂവ്മെന്റ് കണിച്ചുകുളങ്ങര യൂണിയൻ പ്രസിഡന്റ് അനിലാൽ കൊച്ചുകുട്ടൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ മുഖ്യപ്രഭാഷണം നടത്തി.കണിച്ചുകുളങ്ങര യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ ദീപപ്രകാശനം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ, യൂത്ത് മൂവ്മെന്റ് ചേർത്തല യൂണിയൻ പ്രസിഡന്റ് ജെ.പി.വിനോദ്, സെക്രട്ടറി അജയൻ പറയകാട്, വനിതാസംഘം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി പ്രസന്ന ചിദംബരൻ എന്നിവർ പങ്കെടുത്തു. യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ഷിബു പുതുക്കാട് സ്വാഗതവും വനിതാ സംഘം പ്രസിഡന്റ് മോളി ഭദ്രസേനൻ നന്ദിയും പറഞ്ഞു.