
ന്യൂഡൽഹി; കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി രണ്ടുതരം നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. 2015ൽ ഉത്തർപ്രദേശിലെ ഒരു ഉരുളകിഴങ്ങ് കർഷകനെ കുറിച്ച് രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ പ്രസംഗം ചൂണ്ടിക്കാണിച്ചാണ് നദ്ദ ഇത്തരത്തിൽ രാഹുലിനെ വിമർശിച്ചത്.
കർഷകർ ഇടനിലക്കാരെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെന്നും കർഷകർക്ക് നേരിട്ട് കാർഷിക വിളകൾ വിൽക്കാനുള്ള അവസരമുണ്ടാകണം എന്നുമാണ് രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞിരുന്നത്. എന്നാൽ രാഹുലിന്റെ പ്രസംഗത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കതിരെ അദ്ദേഹം നിലപാടുക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ പറയുന്നത്.
'ഇതെന്ത് മാജിക്കാണ് രാഹുൽ ജി? നിങ്ങൾ നേരത്തെ അനുകൂലിച്ചു, ഇപ്പോൾ എതിരുനിൽക്കുന്നു. രാജ്യത്തെ കർഷകരുടെ താത്പര്യങ്ങളുമായി നിങ്ങൾക്ക് യാതൊരു ബന്ധവുമില്ല. നിങ്ങൾക്ക് രാഷ്ട്രീയംകളിക്കാനാണ് ആഗ്രഹം. പക്ഷെ നിങ്ങളുടെ ഈ കാപട്യം വിലപ്പോവില്ല. ജനങ്ങളും കർഷകരും നിങ്ങളുടെ ഈ 'ഇരട്ട സ്വഭാവം' മനസിലാക്കിയിട്ടുണ്ട്.'- നദ്ദ പറഞ്ഞു.
അതേസമയം, ബിജെപി ദേശീയ അദ്ധ്യക്ഷന്റെ ഈ പ്രസ്താവന അടിസ്ഥാന വിരുദ്ധമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. പ്രതിപക്ഷം കാർഷിക മേഖലയുടെ നവീകരണം ആവശ്യപ്പെട്ടപ്പോൾ കേന്ദ്രം 'കറുത്ത നിയമങ്ങൾ' പാസാക്കുകയാണെന്നാണ് അദ്ദേഹം വിമർശിച്ചു.
ഭക്ഷ്യ/കാർഷിക മേഖലയുമായി ബന്ധപ്പെട്ട് വ്യവസായ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനെ കുറിച്ചാണ് രാഹുൽ പ്രസംഗത്തിലൂടെ പറയുന്നതെന്നും സുർജേവാല പറഞ്ഞു. കള്ളങ്ങൾ പ്രചരിപ്പിക്കും മുമ്പ് ഉരുളക്കിഴങ്ങുകൾക്ക് ഏറ്റവും കുറഞ്ഞ താങ്ങുവില നൽകുന്നില്ലെന്നത് ബിജെപി അദ്ധ്യക്ഷൻ മനസിലാക്കണമെന്നും കോൺഗ്രസ് വക്താവ് കുറ്റപ്പെടുത്തി.