
ചെന്നൈ: ഓരോ വെല്ലുവിളികളും നമുക്ക് മുന്നിൽ തുറക്കുന്നത് നവീന മാറ്റങ്ങളിലേക്കുള്ള പുതിയ അവസരങ്ങളാണെന്നും അത് പ്രയോജനപ്പെടുത്താൻ കഴിയണമെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ. ശിവൻ പറഞ്ഞു. കാട്ടൻകുളത്തൂർ എസ്.ആർ.എം ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ (എസ്.ആർ.എം.ഐ.എസ്.ടി) നടന്ന 16-ാമത് വാർഷിക കോൺവൊക്കേഷനിൽ വിദ്യാർത്ഥികളെ വിർച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യമായ ഗഗൻയാനിന് വേണ്ടി പരിസ്ഥിതി സൗഹൃദ ഇന്ധനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഐ.എസ്.ആർ.ഒ എന്നും അദ്ദേഹം പറഞ്ഞു. ഭാവിയിലെ എല്ലാ റോക്കറ്റ് വിക്ഷേപണങ്ങൾക്കും പരിസ്ഥിതിസൗഹൃദ ഇന്ധനം (ഗ്രീൻ പ്രൊപ്പൽഷൻ) ഉപയോഗിക്കും. ഗഗൻയാൻ ദൗത്യം ഈവർഷം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും കൊവിഡ് മൂലം 2021 അവസാനത്തേക്ക് മാറ്റിവച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
17,000ലധികം വിദ്യാർത്ഥികളാണ് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങിയത്. റാങ്ക് ജേതാക്കളും പി.എച്ച്.ഡി നേടിയവരും കാട്ടൻകളത്തൂർ കാമ്പസിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ സ്വീകരിച്ചു. മറ്റു കുട്ടികൾ വിർച്വലായി സംബന്ധിച്ചു.
സ്ഥാപക ചാൻസലർ ഡോ.ടി.ആർ. പാരിവേന്ദർ, വൈസ് ചാൻസലർ ഡോ. സന്ദീപ് സൻചേതി, പ്രൊ ചാൻസലർ രവി പാച്ചമുത്തു, ഡോ.പി. സത്യനാരായണൻ, ഡോ.ആർ. ശിവകുമാർ, ഡോ.പി. മുത്തമിഴ്ചെൽവൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.