oman

മസ്കറ്റ്: ബ്രിട്ടണിൽ ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് പടർന്നതോടെ അടച്ചിട്ട അതിർത്തികൾ തുറക്കുമെന്ന് ഒമാൻ അറിയിച്ചു. ഇതോടെ ഒമാന്റെ കര, സമുദ്ര, വ്യോമാതിർത്തികൾ തുറന്ന് നൽകാനും തീരുമാനമായി. ഒമാൻ സർക്കാർ ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്. ഒമാനിലേക്ക് വരുന്നവർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ഒമാൻ അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പുറപ്പെടുന്നവർ 72 മണിക്കൂറിനുള്ളിൽ നടത്തിയിട്ടുള്ള പിസിആർ ടെസ്റ്റിന്റെ ഫലം കൈവശം കരുതണം. ഒമാനിലെ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഒരിക്കൽ കൂടി പരിശോധന നടത്തുകയും വേണമെന്നും സുപ്രീം കമ്മറ്റി അറിയിച്ചു. ഒപ്പം രാജ്യത്ത് ഏഴ് ദിവസത്തിൽ താഴെ തങ്ങുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമല്ല. അതിർത്തികൾ തുറക്കുന്നതോടെ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള എല്ലാ വിമാന സർവീസുകളും ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കും. അതേസമയം അപ്രതീക്ഷിതമായി ഒമാൻ അതിർത്തികൾ അടച്ചതോടെ നിരവദി യാത്രക്കാരാണ് രാജ്യത്ത് കുടുങ്ങിയത്.

അതേസമയം സൗദി അറേബ്യയിലുള്ള വിദേശികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയതായി സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിട്ടി അറിയിച്ചു. സൗദി പൗരന്മാരല്ലാത്ത എല്ലാവരെയും കൊവിഡ് പ്രതിരോധ മാർഗങ്ങൾ അവലംബിച്ച് യാത്ര ചെയ്യിക്കാൻ വിമാന കമ്പനികൾക്ക് അനുമതി നൽകിയതായും അറിയിച്ചു. എന്നാൽ പുറത്തുനിന്നും സൗദിയിലേക്കുള്ള യാത്രാ വിലക്ക് തുടരുകയാണ്. ഒപ്പം സൗദിയിലെ വിമാനത്താവളങ്ങളിൽ എത്തുന്ന മറ്റ് വിമാനത്തിലെ ജീവനക്കാർ പുറത്തിറങ്ങുകയോ രാജ്യത്തുള്ളവരുമായി സമ്പർക്കം ഉണ്ടാകുകയോ ചെയ്യരുതെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.