home-appliances-price-may

ന്യൂഡൽഹി: എൽ.ഇ.ഡി ടിവി., റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾക്ക് ജനുവരിയിൽ 10 ശതമാനം വില ഉയർന്നേക്കും. അസംസ്കൃത വസ്‌തുക്കളായ കോപ്പർ, അലുമിനിയം, സ്‌റ്റീൽ തുടങ്ങിയവയുടെ വിലക്കയറ്റവും ചരക്കുനീക്ക ഫീസ് വർദ്ധനയുമാണ് പ്രധാന കാരണം. എൽജിയും പാനസോണിക്കും ഇതിനകം തന്നെ വില കൂടുമെന്ന സൂചനകളും നൽകിക്കഴിഞ്ഞു. മറ്റു കമ്പനികളും വൈകാതെ സമാനപാത സ്വീകരിച്ചേക്കും.

അസംസ്കൃതവസ്തുക്കളുടെ വില വർദ്ധന 25 ശതമാനം വരെയാണെന്ന് കമ്പനികൾ പറയുന്നു. ചരക്കുനീക്ക ചെലവ് അഞ്ച് മടങ്ങുവരെ ഉയർന്നു. അതുകൊണ്ട്, ഉത്‌പന്നങ്ങളുടെ വില ഉയർത്താതെ പിടിച്ചുനിൽക്കാനാവില്ലെന്നാണ് കമ്പനികളുടെ നിലപാട്. 76,400 കോടി രൂപയാണ് ഇന്ത്യൻ അപ്ളയൻസസ് ആൻഡ് കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് വിപണിയുടെ മൂല്യം. ഇതിൽ 32,200 കോടി രൂപയുടെ ഉത്‌പന്നങ്ങളാണ് ആഭ്യന്തരമായി നിർമ്മിക്കപ്പെടുന്നത്.