03

കൊല്ലം: കുതിച്ചുചാടി​ മുട്ടിയുരുമ്മി നീന്തിത്തുടിക്കുന്ന ഡോൾഫിൻ കൂട്ടങ്ങൾ വിളയാടുകയാണ് കൊല്ലം നീണ്ടകരയിൽ. ഇവയുടെ ആനന്ദനൃത്തം ആസ്വദിക്കാൻ നീണ്ടകര പാലത്തിൽ സന്ദർശകരും ഏറിവരുന്നു.

നീലയും വെള്ളയും ചേർന്ന നിറത്തിലുള്ള ഡോൾഫിനുകളാണ് നിത്യവും എത്തുന്നത്. രാവിലെ പത്തുമണി മുതൽ ഒറ്റയാൻമാരായി വന്നുതുടങ്ങും. ഉച്ചയാകുമ്പോൾ കൂട്ടത്തോടെയാണ് വരവ്. സൂര്യന്റെ ശക്തമായ ചൂട് കടലിൽ പതിക്കുമ്പോൾ നിരനിരയായി പാലത്തിന്റെ തണലിൽ ചേക്കേറും. അഷ്ടമുടി കായലിന്റെയും അറബിക്കടലിന്റെയും സംഗമസ്ഥലം കൂടിയാണ് നീണ്ടകര പാലത്തിനോടടുത്ത ഭാഗം. കായലിൽ നിന്നുള്ള അവശിഷ്ടങ്ങൾ തെളിഞ്ഞുകാണാവുന്ന സമയം കൂടിയാണിത്. അത് ഭക്ഷണമാക്കാൻ കൂടിയാണ് ഇവ വരുന്നതെന്ന് സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറയുന്നു. ചെറിയ മത്സ്യങ്ങളെയും ഭക്ഷണമാക്കാറുണ്ട്. 20 മുതൽ 100 കിലോയോളം തൂക്കമുള്ള ഡോൾഫിനുകളും കൂട്ടത്തിലുണ്ടാകും. മത്സ്യബന്ധന യാനങ്ങളോ യന്ത്രവത്കൃത ബോട്ടുകളോ വന്നാൽ ഞൊടിയിടയിൽ നീന്തിമാറുന്നവ നിമിഷങ്ങൾക്കുള്ളിൽ അതേ സ്ഥലത്ത് തിരിച്ചെത്തും. ഡോൾഫിനുകൾ എത്തുന്ന സ്ഥലങ്ങളിൽ മറ്റ് വലിയ മീനുകൾ ഏറെനേരം ഉണ്ടാവില്ലെന്ന് ബോട്ട് ഓപ്പറേറ്റർമാരും മത്സ്യത്തൊഴിലാളികളും പറയുന്നു. ഡോൾഫിനുകൾ വലയിൽ കുരുങ്ങുന്നതും അത്യപൂർവമാണ്. കുരുങ്ങിയാൽ വലമുറിച്ച് രക്ഷപ്പെടുകയും ചെയ്യും.