
ജിദ്ദ: 2800 വ്യാജ എൻജിനീയറിംഗ് സർട്ടിഫിക്കറ്റുകൾ പിടികൂടിയതായി സൗദി എൻജിനീയറിംഗ് കൗൺസിൽ അറിയിച്ചു. എൻജിനീയറിംഗ്, മറ്റ് സാങ്കേതിക മേഖലകൾ എന്നിവിടങ്ങളിൽ ജോലിചെയ്യുന്നവരുടെ സർട്ടിഫിക്കറ്റുകളാണ് വ്യാജമെന്ന് കണ്ടെത്തിയത്. വ്യാജസർട്ടിഫിക്കറ്റുകളുമായി ഇത്തരം തസ്തികകളിൽ ജോലിചെയ്യുന്നവരെ കണ്ടെത്താനുള്ള നടപടി വർഷങ്ങൾക്ക് മുൻപ് തന്നെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് 2800ഓളം പേരെ കണ്ടെത്തിയതെന്ന് ജനറൽ സെക്രട്ടറി എൻജി. ഫർഹാൻ ശമ്രി പറഞ്ഞു.
എൻജിനീയറിഗ് മേഖല ഗുണനിലവാരം ഉയർത്താനും ജോലി ക്രമവത്കരിക്കാനുമാണ് വ്യാജന്മാരെ പിടികൂടുന്നത്. യോഗ്യരല്ലാത്തവരെ കണ്ടുപിടിച്ചു ജോലിയിൽ നിന്ന് മാറ്റേണ്ടതുണ്ട്. സുപ്രധാന നടപടിയായാണ് കൗൺസിൽ അതിനെ കാണുന്നത്. അങ്ങനെയുള്ളവർ ഇൗ ജോലി ചെയ്യൽ എൻജിനീയറിഗ് ജോലികളുടെ വിശ്വാസ്യതയെയും സുരക്ഷബോധത്തെയും തകർക്കും. നിർമാണപദ്ധതികളുടെ സുരക്ഷക്ക് ഭീഷണിയുണ്ടാക്കും. കെട്ടിട നിർമാണ മേഖലയിലും മറ്റും ധാരാളം പോരായ്മകൾ അതിലൂടെ ഉണ്ടായിത്തീരുമെന്നും കൗൺസിൽ ജനറൽ സെക്രട്ടറി പറഞ്ഞു.