
ഐ.എസ്.എല്ലിൽ കേരള ബ്ളാസ്റ്റേഴ്സിന് ആദ്യ ജയം,
ഹൈദരാബാദിനെ 2-0ത്തിന് തോൽപ്പിച്ചു
മഡ്ഗാവ് : കാത്തുകാത്തിരുന്ന് ഐ.എസ്.എൽ ഏഴാം സീസണിലെ ഏഴാം മത്സരത്തിൽ തങ്ങളുടെ ആദ്യ ജയം നേടി കേരള ബ്ളാസ്റ്റേഴ്സ്.ഇന്നലെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ഹൈദരാബാദ് എഫ്.സിയെയാണ് മഞ്ഞപ്പട കീഴടക്കിയത്. 30-ാം മിനിട്ടിൽ അബ്ദുൽ ഹക്കുവാണ് ആദ്യഗോൾ നേടിയത്. 88-ാംമിനിട്ടിൽ ജോർദാൻ മുറെ രണ്ടാം ഗോൾ നേടി.
ഹൈദരാബാദിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയതെങ്കിലും ബ്ളാസ്റ്റേഴ്സ് പതിയെ പിടിച്ചുകയറുകയായിരുന്നു.16-ാം മിനിട്ടിൽ നിഷുകുമാറിലൂടെയായിരുന്നു ബ്ളാസ്റ്റേഴ്സിന്റെ ആദ്യ ആക്രമണം. എന്നാൽ നിഷുവിന്റെ ഷോട്ട് ഹൈദരാബാദ് പ്രതിരോധം തടുക്കുകയായിരുന്നു.20-ാം മിനിട്ടിൽ സഹൽ അബ്ദുൽ സമദ് മഞ്ഞക്കാർഡ് കണ്ടു.തുടർന്ന് ഹൈദരാബാദിന് ഒന്നുരണ്ട് നല്ല അവസരങ്ങൾ തുടർച്ചയായി ലഭിച്ചെങ്കിലും ബ്ളാസ്റ്റേഴ്സ് ഭാഗ്യത്തിന് രക്ഷപെട്ടു.
കളി അരമണിക്കൂറിലെത്തിയപ്പോഴാണ് വഴിത്തിരിവായ ഗോൾ വീണത്.ഒരു കോർണർ കിക്കിൽ നിന്ന് ഫകുൻഡോ പെരേയ്‌ര നൽകിയ ക്രോസാണ് അബ്ദുൽ ഹക്കു ബോക്സിന്റെ നടുവിൽ നിന്നുള്ള തകർപ്പൻ ഹെഡറിലൂടെ ഹൈദരാബാദിന്റെ വലയിലെത്തിച്ചത്. തൊട്ടുപിന്നാലെ ഹക്കു വീണ്ടും ഗോളിനായി ശ്രമിച്ചെങ്കിലും ജോർദാൻ മുറെ ഓഫ്സൈഡായത് വിനയായി.
രണ്ടാം പകുതിയുടെ തുടക്കത്തിലേ ബ്ളാസ്റ്റേഴ്സ് നിരന്തരം അക്രമണം അടിച്ചുവിട്ടു.സഹൽ,രാഹുൽ ,വിൻസന്റെ ഗോമസ്,ജെസെൽ കാർണേയ്റോ,മുറെ എന്നിവരാണ് ബ്ളാസ്റ്റേഴ്സിനായി മികച്ച ശ്രമങ്ങൾ നടത്തിയത്.
വിജയത്തോടെ ആറുപോയിന്റായ ബ്ളാസ്റ്റേഴ്സ് ഒൻപതാം സ്ഥാനത്താണ്.