jk

ശ്രീനഗർ: കാശ്‌മീരിൽ നിന്ന് രണ്ട് എ.കെ 47 തോക്കുമായി കാണാതായ പൊലീസുകാരനെ ജയ്‌ഷെ മുഹമ്മദ് ഭീകരർക്കൊപ്പം പിടികൂടി സുരക്ഷാസേന. കശ്-മീരിലെ ബുഡ്ഗാം ജില്ലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. എസ്.പി.ഒ ആയ അൽത്താഫ് ഹുസൈനെ ഒക്ടോബർ 24നാണ് ക്യാമ്പിൽ നിന്ന് കാണാതായത്. പിന്നീട് ഇയാൾ ജയ്‌ഷെ മുഹമ്മദിന് കീഴിൽ പരിശീലനം നേടിയതായും സുരക്ഷാസേന പറഞ്ഞു. ഷാബിർ അഹമ്മദ് ഭട്ട്, ജംഷീദ് മാഗ്രായ്, സാഹിദ് ദർ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. എല്ലാവരും പുൽവാമ സ്വദേശികളാണ്. രഹസ്യവിവരത്തെത്തുടർന്ന് പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. ഇവരിൽ നിന്ന് ആയുധങ്ങളും തോക്കും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ക്യാമ്പിൽ നിന്ന് ആയുധക്കടത്തിന് അൽത്താഫിനെ സഹായിച്ച ജഹാംഗിർ എന്നയാളെ അടുത്തിടെ പിടികൂടിയിരുന്നു. അന്വേഷണത്തിൽ ഈ സംഘം പ്രദേശത്ത് ചില അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ തയ്യാറെടുക്കുകയായിരുന്നുവെന്ന് കണ്ടെത്തി.