china

കാഠ്മണ്ഡു: നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉപമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല ചൈനീസ് പ്രതിനിധി സംഘം ഇന്ന് കാഠ്മണ്ഡുവിലെത്തി. സന്ദർശനത്തിന്റെ അജണ്ടയെക്കുറിച്ച് വ്യക്തമായ വിശദാംശങ്ങളൊന്നും ലഭ്യമല്ലെങ്കിലും, ഉപമന്ത്രി ഗുവോ യെഷോയുടെ നേതൃത്വത്തിലുള്ള നാലംഗ പ്രതിനിധി സംഘം കാഠ്മണ്ഡുവിൽ ഉന്നതതല ചർച്ചകൾ നടത്തും. ബീജിംഗ് അനുകൂല ചായ്‌വുകൾക്ക് പേരുകേട്ട പ്രധാനമന്ത്രി കെ.പി ശർമ ഒലി 275 അംഗ സഭ പിരിച്ചുവിടാൻ ശുപാർശ ചെയ്തതിനെത്തുടർന്ന് നേപ്പാൾ രാഷ്ട്രീയം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ആ സന്ദർശനമെന്നതും ശ്രദ്ധേയമാണ്. മുൻ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലുമായുള്ള അധികാര പോരാട്ടത്തിനിടയിലാണ് സഭ പിരിച്ചു വിടണമെന്ന അപ്രതീക്ഷിത നീക്കവുമായി ശർമ്മ ഒലി രംഗത്തെത്തിയത്. ഗുവോ ഇരു വിഭാഗങ്ങളുടെയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പ്രതിസന്ധി ഘട്ടത്തിൽ നേപ്പാളിലെ ആഭ്യന്തര കാര്യങ്ങളിൽ ചൈന ഇടപെടുന്നത് ഇതാദ്യമല്ല. മെയ് മാസത്തിൽ പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രചന്ദ ഉൾപ്പെടെയുള്ള മറ്റ് മുതിർന്ന എൻ‌സി‌പി നേതാക്കളുമായും ചെനീസ് അംഗങ്ങൾ പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു.