
പനാജി : ഐ.എസ്.എല്ലിലെ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ജയം. ലീഗിലെ ഏഴാം മത്സരത്തിന് ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്.സിയെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ടീംഘടനയിൽ സമൂലമാറ്റം വരുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നത്തെ മത്സരത്തിനിറങ്ങിയത്. കോസ്റ്റയും, കോനെയും ഹൂപ്പറും പുറത്തിരുന്ന മത്സരത്തിൽ യുവ ഡിഫന്‍ഡര്‍മാരായ ഹക്കുവും സന്ദീപും കളത്തില്‍ ഇറങ്ങി. മൂന്ന് വിദേശ താരങ്ങള്‍ മാത്രമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇലവനില്‍ ഇന്ന് ഇറങ്ങിയത്.
ഈ സീസണില്‍ ആദ്യമായി കളത്തില്‍ ഇറങ്ങിയ മലയാളി താരം അബ്ദുല്‍ ഹക്കു ആണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നല്‍കിയത്. 29ാം മിനിട്ടിൽ ഫകുണ്ടോ പെരേര എടുത്ത കോര്‍ണറില്‍ നിന്ന് ഒരു പവര്‍ ഫുള്‍ ഹെഡറിലൂടെ ആണ് ഹക്കുവിന്റെ ഗോൾ. രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സ് കൂടുതല്‍ അറ്റാക്കിലേക്ക് ഇറങ്ങി. നിരവധി അവസരങ്ങള്‍ ആണ് തുടരെ തുടരെ കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചത്. പക്ഷെ സഹലിനും ജോര്‍ദന്‍ മറെക്കും ലക്ഷ്യം കാണാന്‍ ആയില്ല. രാഹുല്‍ കെ പിയുടെ ഒരു ഷോട്ട് സുബ്രതാ പോള്‍ തട്ടിയകറ്റുകയും ചെയ്തു.
ഇതിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. ജോര്‍ദന്‍ മറെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോള്‍ നേടിയത്. ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 6 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് നില്‍ക്കുകയാണ്. 9 പോയിന്റുള്ള ഹൈദരാബാദ് എട്ടാം സ്ഥാനത്താണ് ഉള്ളത്.