
ന്യൂഡൽഹി: എയർ ഇന്ത്യ, ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി.പി.സി.എൽ) എന്നിവയുടെ സ്വകാര്യവത്കരണ നടപടികളിൽ നിന്ന് പിന്മാറില്ലെന്ന് കേന്ദ്രസർക്കാർ. കൊവിഡ് പശ്ചാത്തലത്തിൽ ഇവയുടെ ഓഹരി വില്പന നടപടികൾ നീളുന്നത് തിരിച്ചടിയല്ലെന്നും കേന്ദ്രം വ്യക്തമാക്കി.
നടപ്പുവർഷം (2020-21) പൊതുമേഖലാ ഓഹരി വില്പനയിലൂടെ 2.10 ലക്ഷം കോടി രൂപ നേടുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. എന്നാൽ, കൊവിഡ് മൂലം ലക്ഷ്യം കാണുന്നത് നീളുകയാണ്. എയർ ഇന്ത്യ, ബി.പി.സി.എൽ എന്നിവയ്ക്കായി നിക്ഷേപകരിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചെങ്കിലും വില്പന പൂർണമാകാൻ ഇനിയും മാസങ്ങളെടുക്കും. അതായത്, 2021-22 സാമ്പത്തിക വർഷമേ ലക്ഷ്യമിട്ട സമാഹരണം നേടാനാകൂ.
2019-20ൽ പൊതുമേഖലാ ഓഹരി വില്പനയിലൂടെ കേന്ദ്രം നേടിയത് 50,298 കോടി രൂപയായിരുന്നു. ഇതിന്റെ നാലിരട്ടിയോളമാണ് നടപ്പുവർഷത്തെ ലക്ഷ്യം. നിലവിലെ സാഹചര്യത്തിൽ ഇത് നേടാനാവില്ല. ഈ വർഷത്തെ ലക്ഷ്യത്തിൽ 90,000 കോടി രൂപ സമാഹരിക്കാൻ ഉദ്ദേശിക്കുന്നത് എൽ.ഐ.സി., ഐ.ഡി.ബി.ഐ എന്നിവയുടെ നിശ്ചിത ഓഹരികളും വിറ്റഴിച്ചാണ്.
എൽ.ഐ.സിയുടെ പ്രാരംഭ ഓഹരി വില്പനയാണ് (ഐ.പി.ഒ) കേന്ദ്രം ഉദ്ദേശിക്കുന്നത്. എയർ ഇന്ത്യയെ പൂർണമായും വിറ്റൊഴിയുകയാണ് കേന്ദ്രം. രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണവിതരണ കമ്പനിയായ ബി.പി.സി.എല്ലിൽ 53.29 ശതമാനമാണ് സർക്കാരിന്റെ ഓഹരി പങ്കാളിത്തം. ഇതു മുഴുവൻ വിറ്റഴിക്കും.