samastha

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ ഭരണത്തിൽ താൻ സംതൃപ്തനാണെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി കോഴിക്കോട് വച്ച് നടന്ന പരിപാടിക്ക് ശേഷമാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

ചില കാര്യങ്ങള്‍ മാറ്റി നിർത്തുകയാണെങ്കിൽ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ടെന്നായിരുന്നു സമസ്ത പ്രതിനിധി പറഞ്ഞത്. വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് സഖ്യം ചേർന്നത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തുടരുകയാണെങ്കിൽ അതിനെ ശക്തമായി തന്നെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജമാഅത്തെ ഇസ്ലാമിയെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിനെയും അദ്ദേഹം പിന്തുണച്ചു. ജമാഅത്തെ മാത്രമല്ല, തീവ്രവാദ സ്വഭാവമുള്ള എല്ലാ സംഘടനകളെയും അകറ്റി നിര്‍ത്തണമെന്നാണ് സമസ്തയുടെ നിലപാട്. ജമാഅത്തെ ഇസ്‌ലാമിയെ പിന്തുണയ്ക്കുന്നവർ നശിക്കും. യുഡിഎഫിന് ഇപ്പോൾ അതാണ് സംഭവിക്കുന്നതെന്നും സമസ്ത അംഗം പറഞ്ഞു.

മതേതര പാരമ്പര്യമുള്ള പാര്‍ട്ടികള്‍ അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, 'ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനായി' ഡല്‍ഹിയിലേക്ക് പോയ പികെ കുഞ്ഞാലിക്കുട്ടി ആ പണി തന്നെ തുടരുന്നതാണ് നല്ലതെന്നും സമസ്ത അംഗം പറഞ്ഞിരുന്നു.

ഒരു മലയാള സ്വകാര്യ വാർത്താ ചാനലിന്റെ ചർച്ചാ പരിപാടിയിലാണ് അദ്ദേഹം തന്റെ ഈ നിലപാട് അറിയിച്ചത്. കുഞ്ഞാലിക്കുട്ടി തന്റെ ദൗത്യം പാതിവഴിയില്‍ ഉപേക്ഷിച്ച് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചത് നല്ല കാര്യമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പിണറായി വിജയൻ സർക്കാർ സമസ്തയോട് മാന്യമായാണ് ഇടപെട്ടതെന്നും തങ്ങളുടെ ആവശ്യങ്ങളോട് അനുഭാവ പൂര്‍വ്വമായാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എല്ലാ ആവശ്യങ്ങളും നടത്തിത്തന്നു എന്നല്ല താൻ പറഞ്ഞതെന്നും ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കി.