
കൊവിഡ് കാലത്ത് ഗർഭിണികളിലും ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയും മാനസിക പിരിമുറുക്കവും ഏറിവരുന്നുണ്ട്. കൊവിഡ് പ്രതിരോധത്തിനുള്ള മുൻകരുതൽ എടുക്കുകയും രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുന്ന ആഹാരം കഴിക്കുകയും ചെയ്‌താൽ ആശങ്ക വേണ്ട. ഗർഭസ്ഥ ശിശുവിന് മാതാവിൽ നിന്ന് രോഗം പകരാനുള്ള സാദ്ധ്യത വളരെ കുറവുമാണ്.
സോപ്പുപയോഗിച്ച് ഇടയ്‌ക്കിടെ കൈകൾ കഴുകുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക, മതിയായ വിശ്രമവും സമീകൃതാഹാരവും ഉറപ്പുവരുത്തുക എന്നിവയൊക്കെയാണ് ഗർഭിണികൾ പ്രധാനമായും പാലിക്കേണ്ട മുൻകരുതലുകൾ. അത്യാവശ്യമെങ്കിൽ മാത്രം ആശുപത്രിയിൽ പോകുക.
അല്ലെങ്കിൽ ഓൺലൈൻ ചെക്കപ്പുകൾ നടത്തുക. പനിപോലുള്ള ലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധോപദേശം തേടുക. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളം കഴിക്കുക. കാൽസ്യം, വിറ്റാമിൻ ഡി എന്നിവയാൽ സമ്പന്നമായ തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗർഭകാലത്ത് ഏറെ ഗുണകരമാണ്.