rajan

തിരുവനന്തപുരം: കോടതി ഉത്തരവ് പ്രകാരം തർക്കഭൂമി ഒഴിപ്പിക്കാനെത്തിയവർക്ക് മുന്നിൽ ആത്മഹത്യാശ്രമം നടത്തിയ ഗൃഹനാഥൻ മരിച്ചു.നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി രാജൻ ആണ് മരിച്ചത്. 75 ശതമാനം പൊള്ളലേറ്റ രാജന്റെ ഇരു വൃക്കകളും തകരാറിലായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ജപ്തി നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും തീകൊളുത്തിയത്.നെയ്യാറ്റിൻകര പോങ്ങിൽ മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും കുടുംബവും. രാജൻ ഭൂമി കയ്യേറിയെന്നാരോപിച്ച് അയൽവാസി പരാതി നൽകിയിരുന്നു. ആറ് മാസം മുൻപ് ഭൂമി ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പാക്കാനായി ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു ആത്മഹത്യാശ്രമം.ഡിസംബർ 22നായിരുന്നു സംഭവം.


താന്‍ തീകൊളുത്തിയിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പൊലീസുകാരന്‍ കൈകൊണ്ട് ലൈറ്റര്‍ തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നുവെന്നും ചികിത്സയിലിരിക്കെ രാജൻ ആരോപിച്ചിരുന്നു. രാജന്റെ മക്കളാണ് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ പുറത്തുവിട്ടത്.