covid-vaccine

ന്യൂഡൽഹി: രാജ്യത്ത് കൊവിഷീൽഡ് വാക്‌സിന് ഉടൻ അനുമതി നൽകിയേക്കും. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്സിൻ ഉത്പാദിപ്പിക്കുന്നത്. കമ്പനി സമർപ്പിച്ച രേഖകളെല്ലാം തൃപ്തികരമാണെന്നാണ് വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തൽ. ജനുവരി ഒന്നിന് മുമ്പ് അനുമതി നൽകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അടിയന്തര ഉപയോഗത്തിനുള്ള അനുമതിക്കായി വാക്‌സിൻ കമ്പനികൾ സമർപ്പിച്ച അപേക്ഷകൾ അവസാന ഘട്ട പരിഗണനയിലാണ്.ഓക്‌സ്ഫോഡ് വാക്‌സിനായ കൊവിഷീൽഡ് മാത്രമാണ് ആവശ്യപ്പെട്ട എല്ലാ പരീക്ഷണ രേഖകളും സമർപ്പിച്ചത് .മൂന്നാംഘട്ട പരീക്ഷണം നടക്കുന്ന ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ എല്ലാ രേഖകളും സമർപ്പിച്ചിട്ടില്ല. അനുമതി തേടിയ ഫൈസറും പരീക്ഷണ വിവരങ്ങൾ വിദഗ്ദ്ധസമിതിക്ക് സമർപ്പിച്ചിട്ടില്ല.

അതേസമയം രാജ്യത്തെ നാല് സംസ്ഥാനങ്ങളിൽ ഇന്നും നാളെയുമായി കൊവിഡ് വാക്സിനേഷന്റെ ഡ്രൈ റൺ ( മോക് ഡ്രിൽ )​ നടത്തും. പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലാണ് മോക് ഡ്രിൽ നടത്തുന്നത്. ഇതിൽ വാക്സിൻ കുത്തിവയ്ക്കുന്നത് ഒഴികെയുള്ള എല്ലാ പ്രക്രിയകളും പരീക്ഷിക്കും. കോൾ‌ഡ് സ്റ്റോറേജുകളിൽ നിന്ന് വാക്സിൻ വാഹനങ്ങളിൽ കൊണ്ടുപോകുന്നതും വിവിധ കേന്ദ്രങ്ങളിൽ സ്വീകരിക്കുന്നതും അവിടങ്ങളിലെ ജനങ്ങളെ നിയന്ത്രിക്കുന്നതും ഈ പ്രക്രിയകളുടെ ഡേറ്റ കൊവിൻ ആപ്പിലൂടെ തത്സമയം നിരീക്ഷിക്കുന്നതുമാണ് മോക് ഡ്രില്ലിൽ പരിശോധിക്കുന്നത്.