shakha-murder-case

തിരുവനന്തപുരം: ശാഖ കൊലക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഭർത്താവും, കേസിലെ പ്രതിയുമായ അരുൺ. ശാഖയെ പരിചയപ്പെട്ടത് തമാശയ്ക്കായിരുന്നുവെന്നും, പിന്നീട് ഇഷ്ടപ്പെട്ട് വിവാഹത്തിന് സമ്മതിക്കുകയുമായിരുന്നെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

വിവാഹശേഷം കാര്യങ്ങൾ കൈവിട്ടുപോയെന്ന് അരുൺ പറഞ്ഞു. അമ്മയോളം പ്രായമുള്ളവളെ കെട്ടിയവനെന്ന ആൾക്കാരുടെ അടക്കംപറച്ചിലും, തമാശയ്ക്കാണെങ്കിലും സുഹൃത്തുക്കൾ നടത്തിയ കളിയാക്കലും സഹിച്ചില്ലെന്നും അതാണ് ഭാര്യയെ കൊല്ലാൻ കാരണമെന്നും പ്രതി മൊഴി നൽകി.

അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ പ്രതി കുറ്റം സമ്മതിച്ചിരുന്നു. 'സാറെ എനിക്ക് എത്ര കൊല്ലത്തെ ശിക്ഷയായിരിക്കും കിട്ടുക...15 ആണോ...' എന്നായിരുന്നു ഇയാൾ പൊലീസിനോട് ചോദിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ശാഖ മരണപ്പെട്ടത്. ഷോക്കടിച്ചതാണ് മരണകാരണമെന്നാണ് അരുൺ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്.എന്നാൽ ശാഖയുടെ മൃതദേഹം പരിശോധിച്ച ഡോക്ടർമാർ ഇക്കാര്യത്തിൽ ചില സംശയങ്ങൾ പ്രകടിപ്പിച്ചതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ താൻ തന്നെയാണ് തന്റെ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് അരുൺ സമ്മതിക്കുകയായിരുന്നു