sakha-murder-

വെള്ളറട: ഭർത്താവ് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ത്രേസ്യാപുരം പ്ലാങ്കാലവിള വീട്ടിൽ പരേതനായ ആൽബർട്ട് ഫിലോമിന ദമ്പതികളുടെ ഇളയമകൾ ശാഖ കുമാരിയുടെ മൃതദേഹം ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പിലെ കുടുംബ കല്ലറയിൽ സംസ്‌കരിച്ചു. രാവിലെ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കൊവിഡ് പരിശോധന ഫലം കിട്ടിയശേഷം ഉച്ചയോടെയാണ് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയത്. വൈകിട്ട് നാലോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനുവച്ചു. ബന്ധുക്കളുടെയും നാട്ടുകാരുടെയും അന്ത്യാഞ്ജലിക്കുശേഷമാണ് മൃതദേഹം കുടുംബകല്ലറയിൽ സംസ്‌കരിച്ചത്.

ശനിയാഴ്ച രാവിലെ ശാഖ ഷോക്കേറ്റ് മരിച്ചെന്നാണ് ഭർത്താവ് അരുൺ പറഞ്ഞത്. സംശയത്തെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അരുണിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ആദ്യം കാര്യമായ വിവരം ലഭിച്ചിരുന്നില്ല. തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിലാണ് ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ പി ആർ ഒയാണ് അരുൺ. വിവാഹം കഴിഞ്ഞ വിവരം അരുണിന്റെ മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. മൂന്നുമാസമായി വീടുമായി യാതൊരു ബന്ധവുമില്ലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.