abhaya-

പാക്ക് മോഷ്ടിച്ച് 'പാക്ക് രാജു' വെന്ന പരിഹസാസ പേരു വീണ പാവം മോഷ്ടാവിന്റെ മൊഴിയിൽ സിസ്റ്റർ അഭയ കൊലക്കേസിലെ രണ്ടു പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു കഴിഞ്ഞു. ഇതിനു കാരണക്കാരനായി ദൈവ പരിവേഷത്തോടെ നിൽക്കുന്ന രാജുവിന് നന്മ നേരുകയാണ് ഇപ്പോൾ എല്ലാവരും..

തെളിവുകളില്ലാതെ തേഞ്ഞു മാഞ്ഞുപോകുമായിരുന്ന 28 വർഷം പഴക്കമുള്ള അഭയ കൊലക്കേസാണ് കള്ളനെന്ന് സമൂഹം മുദ്ര കുത്തിയ രാജുവിന്റെ മാത്രം മൊഴിയിൽ തെളിഞ്ഞത്. അഭയയെ കൊന്നത് സഭാ വസ്ത്രമിട്ട രണ്ടു പേരാണെന്ന് നീതി പീഠത്തിന് ചൂണ്ടിക്കാണിച്ചു കൊടുത്ത കോളനി വാസിയായ രാജുവിന് കൊലയാളികളെ പിന്തുണച്ചവർ ലക്ഷങ്ങൾ വാഗ്ദാനം ചെയ്തതാണ് . അവരുടെ പ്രലോഭനങ്ങളിൽ വീഴാത്ത രാജുവിനെ തേടി സമൂഹത്തിന്റെ നാനാതുറകളിൽ നിന്ന് അഭിനന്ദന പ്രവാഹമെത്തുമ്പോൾ ആ കുഞ്ഞിന് നീതി ലഭിച്ചല്ലോ . അതിന് നിമിത്തമാകാൻ കഴിഞ്ഞല്ലോ എന്ന സന്തോഷത്തിലാണ് അഭയയുടെ കൊലയാളികളെ തുറ്റുങ്കിലടക്കാൻ ദൈവത്തിന്റെ കൈയായ് പ്രവർത്തിച്ച രാജുവിപ്പോൾ.

പഴയ അനുഭവങ്ങൾ പറയണമെങ്കിൽ രണ്ടെണ്ണമടിക്കാൻ കാശുവേണമെന്ന് മാദ്ധ്യമപ്രവർത്തകരോട് വരെ പറയുകയും ആരെന്ന് നോക്കാതെ ചീത്ത വിളിക്കുകയും ചെയ്യുന്ന പച്ച മനുഷ്യനാണ് രാജു. കഞ്ചാവും കള്ളുമടിച്ചു വെളിവില്ലാതെ രാത്രി കറങ്ങി നടക്കുന്നതിനിടയിൽ പയസ് ടെൻത് കോൺവെന്റിൽ അസമയത്ത് രണ്ടു വൈദികരെ അഭയ കിണറ്റിൽ മരിച്ചു കിടന്ന ദിവസം പുലർച്ചെ കണ്ടുവെന്ന രാജുവിന്റെ മൊഴി തെളിവായി സ്വീകരിച്ചായിരുന്നു 28 വർഷത്തിന് ശേഷം അഭയയെ കൊന്നവരെ കോടതി കണ്ടെത്തിയത്.

കേസ് അട്ടിമറിക്കാൻ എന്തൊക്കെ സമ്മർദ്ദങ്ങളായിരുന്നു അഭയയയെ സംരക്ഷിക്കേണ്ടിയിരുന്ന സഭാ അധികൃതർ നടത്തിയത് . ഈ ഇടപെടലായിരുന്നു കേസ് അന്വേഷണം ഇത്ര വൈകിപ്പിച്ചതും. കൊല പാതകം ആത്മഹത്യയാക്കാൻ സഭാ ബന്ധുവായ പൊലീസ് മേധാവി ആദ്യാവസാനം കൂട്ടു നിന്നു. ലോക്കൽ പൊലീസിലെയും ക്രൈം ബ്രാഞ്ചിലെയും സി.ബി.ഐയിലെയും മെഡിക്കൽ കോളേജിലെയും ഉദ്യോഗസ്ഥർ കൂട്ടുനിന്നു. സുപ്രീം കോടതി ജഡ്ജിയും കേരളവും കേന്ദ്രവും ഭരിച്ച മന്ത്രിമാരും കൂട്ടു നിന്നു. പണവും അധികാര കേന്ദ്രങ്ങളുമായുള്ള സ്വാധീനവും ഉപയോഗിച്ചിട്ടും അതൊന്നും പാക്ക് മോഷ്ടാവിന്റെ മൊഴിക്കു മുന്നിൽ മറികടക്കാൻ പ്രാപ്തമായില്ല. സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കഴിയാത്ത അവസ്ഥയിലെത്തിയ രാജുവിനെ ജഡ്ജിയുടെ മുന്നിലെത്തിച്ചു മൊഴി രേഖപ്പെടുത്താൻ ശക്തമായ നിലപാട് സ്വീകരിച്ച അഭയ ആക്ഷൻ കമ്മിറ്റി കൺവീനർ ജോമോൻ പുത്തൻപുരക്കലും ആത്മഹത്യയെന്ന് എഴുതി കേസ് ക്ലോസ് ചെയ്യാൻ ആവശ്യപ്പെട്ട സി.ബി.ഐ എസ്.പിയുടെ മെമ്മോക്കു മുന്നിൽ തോൽക്കാൻ തയ്യാറാകാതെ അഭയയെ കൊന്നതാണെന്ന് സ്ഥാപിച്ച് പത്തു വർഷ കാലാവധി നിൽക്കെ രാജിക്കത്ത് മേലുദ്യോഗസ്ഥന്റെ മുഖത്തേക്കെറിഞ്ഞ് സി.ബി.ഐയിൽ നിന്ന് രാജിവെച്ച വർഗീസ് പി. തോമസ്, വേട്ടക്കാർക്കൊപ്പം നിൽക്കണമെന്ന സഭയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ഇരയ്ക്കു വേണ്ടി വാദിച്ച നട്ടെല്ല് പണയപ്പെടുത്താത്ത വിരലിലെണ്ണാവുന്ന മാദ്ധ്യമ പ്രവർത്തകരും പ്രശംസിക്കപ്പെടേണ്ടിയിരിക്കുന്നു. ഇവരൊന്നും ഇല്ലാതിരുന്നെങ്കിൽ അഭയ കേസ് തെളിയാ കേസായി മാറിയേനേ.

സഭയ്ക്കൊപ്പം സകല വൃത്തികേടിനും കൂട്ടുനിന്ന് കേസ് അട്ടിമറിച്ചവർക്ക് ദൈവനീതിയെന്നോണം ജീവിതകാലത്ത് നരക ജീവിതം നയിക്കേണ്ട ശിക്ഷയും ലഭിച്ചു. സ്ട്രോക്ക് വന്നു ചിലർ തളർന്നു .ഇൻക്വസ്റ്റ് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥന് ആത്മഹത്യചെയ്യേണ്ടി വന്നു. പ്രതി സ്ഥാനത്തുള്ളവരും കാൻസറടക്കം മാറാ രോഗങ്ങളുടെ പിടിയിലായി. കർത്താവിന്റെ മണവാട്ടിയാകാൻ സ്വന്തം മകളെ സഭക്ക് സമർപ്പിച്ച പാവപ്പെട്ട കുടുംബത്തോട് സഭക്ക് നീതി പുലർത്താൻ കഴിഞ്ഞില്ല. എന്നാൽ ദൈവത്തിന്റെ അദൃശ്യ കരങ്ങൾ രാജുവിന്റെയും ജോമോന്റെയും വർഗീസ് പി. തോമസിന്റെയുമെല്ലാം രൂപത്തിൽ വൈകിയാണെങ്കിലും അഭയയുടെ ആത്മാവിനോട് നീതി പുലർത്തി നരാധമന്മാരെ കാരാഗൃഹത്തിലടച്ചതു കാണുമ്പോൾ ചുറ്റുവട്ടവും ദൈവത്തിന് നന്ദിപറയുകയാണ്.

കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ച കുറ്റവാളികളെ തള്ളി പറയാൻ സഭാധികൃതർ തയ്യാറാകാത്തതു കാണുമ്പോൾ സഭ ഇരയ്ക്കു വേണ്ടിയോ അതോ വേട്ടക്കാർക്കു വേണ്ടിയോ എന്ന് എങ്ങിനെ ചോദിക്കാതിരിക്കും !....