
തിരുവനന്തപുരം. ഈ വർഷത്തെ കെ.വിജയരാഘവൻ മാദ്ധ്യമ പുരസ്കാരത്തിന് പ്രമുഖ മാദ്ധ്യമ പ്രവർത്തകനും 24 ന്യൂസ് ചാനൽ ചീഫ് എഡിറ്ററുമായ ആർ.ശ്രീകണ്ഠൻ നായർ അർഹനായി.
കേരളകൗമുദി അസോസിയേറ്റ് എഡിറ്ററും സൈദ്ധാന്തികനുമായിരുന്ന കെ.വിജയരാഘവന്റെ സ്മരണയ്ക്കായി വിജയരാഘവൻ സ്മാരക സമിതി ഏർപ്പെടുത്തിയ ഈ പുരസ്കാരം സംസ്ഥാനത്തെ മുതിർന്ന മാദ്ധ്യമപ്രവർത്തകർക്ക് നൽകി വരുന്നതാണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന സമിതി യോഗമാണ് ശ്രീകണ്ഠൻ നായരെ തിരഞ്ഞെടുത്തത്. മാദ്ധ്യമ പ്രവർത്തന രംഗത്തെ സമഗ്ര സംഭാവനയ്ക്കൊപ്പം, ടെലിവിഷൻ മാദ്ധ്യമ പ്രവർത്തനത്തെ ആധുനികവത്ക്കരിക്കുന്നതിൽ വഹിച്ച നിസ്തുലമായ പങ്കുമാണ് പുരസ്ക്കാരത്തിന് ശ്രീകണ്ഠൻ നായരെ അർഹനാക്കിയതെന്ന് വിജയരാഘവൻ സ്മാരക സമിതി പ്രസിഡന്റ് കെ.ജി.പരമേശ്വരൻനായരും സെക്രട്ടറി വി.എസ്.രാജേഷും വാർത്താക്കുറിപ്പിൽ അറിയിച്ചു.15001 രൂപയും ശിൽപ്പവും പ്രശംസാപത്രവും അടങ്ങുന്ന അവാർഡ് പിന്നീട് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
ഫ്ളവേഴ്സ് ടി.വിയുടെ മാനേജിംഗ് ഡയറക്ടർ കൂടിയായ ശ്രീകണ്ഠൻനായർ കേരളവർമ്മ കോളേജിലെ അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.തുടർന്ന് ആകാശവാണിയിൽ റേഡിയോ ബ്രോഡ്കാസ്റ്ററായി ചേർന്ന അദ്ദേഹം സ്റ്റേഷൻ ഡയറക്ടർ പദവിയിലടക്കം18 വർഷം പ്രവർത്തിച്ചു. ദൂരദർശൻ അവതാരകനായിരുന്നു. പിന്നീട് ഏഷ്യാനെറ്റ് ചാനലിൽ വൈസ് പ്രസിഡന്റായി. തുടർന്ന് മഴവിൽ മനോരമയുടെ എന്റർടെയിൻമെന്റ് ടെലിവിഷൻ ഓപ്പറേഷൻസിന്റെ കൺസൾട്ടന്റായും പ്രവർത്തിച്ചിരുന്നു. മൂന്നര പതിറ്റാണ്ടിലേറെ നീളുന്ന ഒൗദ്യോഗിക ജീവിതത്തിൽ അനവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ശ്രീകണ്ഠൻ നായർ ദൈർഘ്യമേറിയ ടാക് ഷോ നടത്തി ഗിന്നസ് റെക്കോഡും നേടിയിട്ടുണ്ട്.